2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

പ്രതിജ്ഞ


എനിക്കു ദാഹിയ്ക്കുന്നു വരളും തൊണ്ട പൊട്ടി-
ക്കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു മിഴികളിൽ,
കടുത്ത നിരാശതൻ കരിമേഘങ്ങൾ തിങ്ങി-
പ്പടർന്നു തമസിന്റെ കൈകളെൻ മുഖം പൊത്തി.

ഇരുളാണെൻ ചുറ്റിലും കൊഴിഞ്ഞ സ്വപ്നങ്ങൾചീ-
ഞ്ഞഴുകി ദ്രവിച്ചതിൻ ദുർഗന്ധമാണെൻ ചുറ്റും.
ജീർണ്ണിച്ച പാരമ്പര്യ കീഴ് വഴക്കങ്ങൾക്കുള്ളീ-
ലൊളിയ്ക്കൂമധർമ്മത്തിൻ കൂത്തരങ്ങാണെൻ ചുറ്റും!

കെണികളൊരുക്കി തൻ സഹജാതർക്കായ് ചതി-
ക്കുഴികൾ കുത്തി ചുറ്റും പതുങ്ങും കിരാതന്മാർ,
കൊടിയ വിഷം ചീ‍റ്റും കരിനാഗങ്ങൾ ചുറ്റു-
മിഴയും കൊടും വന ഭൂമിയാണെൻ ചുറ്റിലും!

വെറുപ്പിൽ വിദ്വേഷത്തിൽ കുതികാൽ വെട്ടിൽ കെട്ടി-
പ്പടുത്ത സമൂഹത്തിൻ മതിൽ കെട്ടുകൾക്കുള്ളിൽ,
വെളിച്ചംതേടീപ്പിടഞ്ഞുഴറി ശ്വാസം മുട്ടി-
ത്തളരുമെന്നാത്മാവു ദീനമായ് വിതുമ്പുന്നു!

ഹൃദയനൈർമ്മല്ല്യത്തിൽ നിന്നുയിർകൊള്ളും സ്നേഹം
മാഞ്ഞുപോയ് മരീചികപോലെയീ മണ്ണിൽനിന്നും,
കളങ്കം കാർമേഘമായ് പടരും മനസിലാ –
മഴവില്ലൊളീ വന്നു വിരിയില്ലൊരിക്കലും!

മൃദുലവികാരങ്ങൾ നറുതേൻ കണങ്ങളായ്,
നിറയുന്നില്ല പുഴുക്കുത്തിയ പൂവായ് ചിത്തം!
മൃതമാമാത്മാവിന്റെ ശവ പേടകം മർത്യ-
മനസിന്നൊരു തണുത്തുറഞ്ഞ മഞ്ഞിൻ കണം!

ഒരിറ്റു കണ്ണീർ തൂകാനറിയാത്തവൻ ഒരു-
നനുത്ത ചിരിനിലാവുതിർക്കാനറിയാത്തോൻ
ഒരുപൈങ്കിളി ക്കൊഞ്ചൽ കിലുക്കംകേൾകെ കെണി-
യൊരുക്കാൻ പിടഞ്ഞോടും ക്രുരനാം വേട്ടക്കാരൻ

ഇരയെ കുടുക്കുവാൻ കുരുക്കാണല്ലൊ ചൂണ്ടൽ-
കൊളുത്താണല്ലൊ ചുണ്ടിൽ ചിരിയായ് വിരിയുന്നു,
മിഴിനീർവറ്റും കണ്ണിൽ കനലായ് തിളങ്ങുന്ന-
തടക്കാൻ കഴിയാത്തൊരാർത്തിതൻ കനലല്ലോ!

എത്രയൊ നേടി സ്വാർഥമെങ്കിലും കൊതിയ്കയാ-
ണിത്തീരികൂടി സ്വന്തമാക്കുവാനെന്തെങ്കിലും!
സ്വാർഥമോഹങ്ങൾ മാത്രം വിളയും മരുഭൂവി-
ലേവരും വേട്ടക്കാർ തന്നിരകൾമാത്രം മുന്നിൽ!!!

മധുരം പുരട്ടിയ വാക്കിലും കപടമാം-
നോക്കിലും കടുംചായം പൂശിയ ചിരിയിലും
ഒളിച്ചു മനസിന്റെ വൈകൃതം സഹജരെ-
കുടുക്കാൻ വെമ്പിപിടഞ്ഞോടുമീകാപാലികർ!

എന്നിലെ എന്നിൽ അവശ്ശേഷിക്കും ചൈതന്യത്തെ-
എന്നേയ്ക്കും ബന്ധിക്കുവാൻ ചങ്ങലകൊരുക്കുന്നു!
അന്തരാത്മാവിന്നുള്ളിൽ ചിറകിട്ടടിക്കുമീ-
ചിന്തയാം വെൺപ്രാവിനെ ഹനിയ്ക്കാനൊരുങ്ങുന്നു!

മുഖമ്മൂടികൾക്കുള്ളിൽജ്വലിക്കും രോഷത്തിന്റെ-
തിളക്കം കണ്ടെൻ കൺകൾ മഞ്ഞളിക്കുന്നെങ്കിലും
കൊളുത്തും കുടുക്കുമായടുത്തെത്തും ചങ്ങല-
ക്കിലുക്കം കേട്ടെൻ കരൾ നടുങ്ങിത്തെറിക്കിലും!

സത്യധർമ്മങ്ങൾക്കായി നീതിതൻ രക്ഷയ്ക്കായി,
എനിക്കു മുൻപെ പോയി പൊരുതി മരിച്ചോർതൻ
പാവനസ്മരണകൾ തളരും മജ്ജീവനിൽ,
നവമാമുന്മേഷത്തിൻ ജ്വാലയായ് വിടരുന്നു!.

ദ്രവിച്ച മാമൂലുകൾ തൻ പുറം തോടിന്നുള്ളി-
ലൊളിക്കുമധർമ്മത്തെ തകർക്കാൻ കൊതിപ്പൂഞാൻ!
പതറിപ്പോവില്ല ഞാൻ ഈ രണഭൂവിൽ വീണു-
ചിതറിപ്പിടഞ്ഞു മൽ പ്രാണനെ ഹോമിച്ചാലും.!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

5 അഭിപ്രായങ്ങൾ:

 1. മധുരം പുരട്ടിയ വാക്കിലും കപടമാം-
  നോക്കിലും കടുംചായം പൂശിയ ചിരിയിലും
  ഒളിച്ചു മനസിന്റെ വൈകൃതം സഹജരെ-
  കുടുക്കാൻ വെമ്പിപിടഞ്ഞോടുമീകാപാലികർ!

  വളരെ നല്ല വരികള്‍.

  മറുപടിഇല്ലാതാക്കൂ