2008, സെപ്റ്റംബർ 13, ശനിയാഴ്‌ച

മംഗളാശംസ


പിറന്നാളാണിന്നെന്റെ പ്രാണനിൽ കിളിർത്തൊരു-
നറുതേൻ മലരിന്റെ പിറന്ന നാളാണിന്ന്;
മറക്കാനൊരിക്കലുമാകാത്ത സ്മരണകൾ,
മനസിൽ വിടരുന്നു മധുരം കിനിയുന്നു.

എത്രയോ വസന്തങ്ങൾക്കപ്പുറം ഇതു പോലെ-
ചിതപൂർണിമ ചിരി തൂകിയ രജനിയിൽ,
കൈവിരൽ കുടിക്കുമെൻ കണ്മണി കൺപൂട്ടിയെൻ-
കൈകളിലിളം പൂവിൻ ദളം പോൽ മയങ്ങവെ,

കനവിലിളം ചുണ്ടിൽ പുഞ്ചിരി പൊടിയവെ,
കരയാൻ വിതുമ്പിയാ പൂങ്കവിൾ തുടുക്കവെ,
ചിരിയും കരച്ചിലും കരളിൽ വിതുമ്പിയെൻ-
ഹൃദയചഷകത്തിൽ നറുതേൻ കിനിഞ്ഞുപോയ്‌!

ചിരിച്ചും ചിരിപ്പിച്ചും കരഞ്ഞും കരയിച്ചും-
വർഷങ്ങൾ പലവട്ടം വന്നു പോയ് കാലം മാറി
കാലമാം കലാകാരൻ കൈവിരൽതുമ്പാൽ സ്വയം-
ചാലിച്ച ചായക്കൂട്ടിൽ വർണങ്ങൾ അഴകാർന്നു.

സ്വപ്നങ്ങൾ ചായം പൂശും ചക്രവാളങ്ങൾ തേടി,
പക്ഷങ്ങൾ വിടർത്തുമീ ശലഭം കുതി കൊൾകെ;
ജീവിതവസന്തത്തിൻ ചാരുത മാത്രം കാണും
ഈ മിഴിയിണയിലെ ഹർഷ ബാഷ്പങ്ങൾകാൺകെ,
ചിരിയും കരച്ചിലുമൊരിക്കൽ കൂടി ഇന്നെൻ-
കരളിൽവിതുമ്പുന്നു കരയാൻ വെമ്പുന്നു ഞാൻ!

പിറന്നാൾ മധുരത്തിലമൃതം കലർത്തിക്കൊ-
ണ്ടായിരമാശംസകൾ വർഷമായ് പൊഴിയുന്നു!.
വിടരും വസന്തങ്ങൾക്കപ്പുറം ശിശിരവും-
വർഷവും കൊടുംവേനൽ താ‍പവും കൊരുത്തിടും,
ജീവിതചക്രത്തിന്റെ ഗതിയെ തടുക്കുവാ-
നായെങ്കിൽ വസന്തങ്ങൾ മാത്രമായ് വിടർന്നെങ്കിൽ!!!

~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

4 അഭിപ്രായങ്ങൾ:

 1. ജീവിതചക്രത്തിന്റെ ഗതിയെ തടുക്കുവാ-
  നായെങ്കിൽ വസന്തങ്ങൾ മാത്രമായ് വിടർന്നെങ്കിൽ!!!

  താളാത്മകമായ വരികൾ.

  ജീവിതത്തിൽ എന്നും വസന്തങ്ങൾ മാത്രമായി വിടരട്ടേ..

  മറുപടിഇല്ലാതാക്കൂ
 2. ജീവിതത്തില്‍ എന്നു വസന്തം മാത്രമേ ആകാവൂ എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്....

  എന്റേയും പിറന്നാള്‍ ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ