2009, ജൂലൈ 11, ശനിയാഴ്‌ച

മരീചിക


ചുട്ടുപൊള്ളിക്കുന്നൊരായിരം സത്യങ്ങൾ
ഉൾചേർന്ന ജീവിതമാം മരുഭൂമിയിൽ
വിഭ്രമിപ്പിക്കുന്നു മർത്യനെ, മായാമ-
രീചികകൾ, സ്വർണമാനുകൾ, കൈമാടി
മാടിവിളിയ്ക്കുന്നൊരോമൽക്കിനാക്കൾതൻ
മാരിവിൽവര്‍ണങ്ങൾ ആഹാ, മനോജ്ഞം!

ഓടുന്നു സർവ്വവും കൈവിട്ടു മാനവൻ
ആഴിയിലേക്കു കുതിക്കുന്നൊരീയൽ പോൽ
വെമ്പിക്കുതിയ്ക്കുന്നു പിന്നാലെ, ലക്ഷ്യങ്ങൾ
കൈയെത്തിയെന്നു നിനയ്ക്കുന്നവേളയിൽ
ഓർക്കാതിരിക്കെ ചിറകറ്റുവീഴുന്നു
ഓരോകിനാവും കൊഴിഞ്ഞു വീഴുന്നു!

ഒന്നുകുതിക്കുവാൻ പോലുമാകാതെയീ
മണ്ണിലിഴയാൻ വിധിക്കുന്നു കാലം
മായുന്നരങ്ങത്തു നിന്നും തിരശ്ശീല
വീഴുന്നു കാഴ്ച്ച മറഞ്ഞു കഴിഞ്ഞു
കണ്ടതെല്ലം വെറും മായതൻ വിഭ്രമം
യാഥാർത്യമെത്ര ഭയാനകം ഭീകരം!

മോഹഭംഗത്തിന്റെ നീറ്റലിൽ നോവിൽ
ഏകാന്തതയുടെ നൊമ്പരത്തീയിൽ
പൊള്ളിപ്പിടയുന്നനേരവും കാണ്മൂ
ചുറ്റും ഇരമ്പിക്കുതിക്കുന്നലോകം
ഒന്നു തിരിഞ്ഞൊന്നു നോക്കുവാൻ ആരുമി-
ല്ലൊന്നുതലോടുവാൻ ആശ്വസിപ്പിക്കുവാൻ
വീണുപോകുമ്പോൾ ചവിട്ടിക്കുതിച്ചുകൊ-
ണ്ടോടുന്നു സ്വന്തമെന്നോർത്തവരൊക്കെയും

മിന്നുന്നതൊക്കെയും പൊന്നല്ല, പൊള്ളുന്ന
ദു:ഖങ്ങളാണെന്നയാഥാർത്ഥ്യമെപ്പൊഴും
മൂടിയിരിക്കുന്നു മായയാൽ, കണ്ണിൽ തെ-
ളിയുന്നു മാരിവിൽ വർണ്ണങ്ങൾ മാത്രം!

പോയകാലത്തിൻ ചുവരെഴുത്തൊക്കെയും
വർത്തമാനത്തിന്റെ നേർക്കാഴ്ച്ചയൊക്കെയും
സത്തുക്കൾതനുപദേശങ്ങളൊക്കെയും
കാത്തുനിൽ‌പ്പു മാർഗദർശനം നൽകുവാൻ

ഉൾക്കണ്ണുകൾ കൊണ്ടു കാണണമൊക്കെയും-
ദു:ഖം സുഖത്തിൻ നിഴലെന്ന സത്യം
രണ്ടും ഇഴചേർത്തു നെയ്യുകിൽ ജീവിതം
സുന്ദരമായിടുമെന്നുള്ളസത്യം
ഒന്നു പകരം കൊടുക്കാതെ മറ്റൊന്നു
നേടുവാനാവുകയില്ലെന്നസത്യം
അർഹതയില്ലാത്തൊ ‘രിത്തിരി’ സന്തോഷ-
‘മൊത്തിരി’ ദു:ഖം തരുമെന്നസത്യം
സ്വർണപാത്രങ്ങളാൽ മൂടിക്കിടക്കുമീ-
സത്യങ്ങൾ, എപ്പൊഴുമെന്നുള്ളസത്യം

ഈശ്വരങ്കൽമനമർപ്പിച്ചു നേരായ
പാതയിൽ മാത്രംചുവടുകൾ വയ്ക്കണം
സ്വന്തമിച്ഛാശക്തി കാരിരുമ്പാക്കണം
മാരീചനൊപ്പം കുതിയ്ക്കാതിരിയ്ക്കണം
വിഭ്രമിപ്പിക്കും മരീചികകൾ മായ
യാണെന്ന സത്യം മറക്കാതിരിക്കണം
ജീവിതദു:ഖം കുറയ്ക്കാൻ ഒരേയൊരു
മാർഗമീ മാർഗം ‘ആഗ്രഹ നിഗ്രഹം’


Copyright © 2009 - rosebastin.blogspot.com. All rights reserved