2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

പ്രതിജ്ഞ


എനിക്കു ദാഹിയ്ക്കുന്നു വരളും തൊണ്ട പൊട്ടി-
ക്കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു മിഴികളിൽ,
കടുത്ത നിരാശതൻ കരിമേഘങ്ങൾ തിങ്ങി-
പ്പടർന്നു തമസിന്റെ കൈകളെൻ മുഖം പൊത്തി.

ഇരുളാണെൻ ചുറ്റിലും കൊഴിഞ്ഞ സ്വപ്നങ്ങൾചീ-
ഞ്ഞഴുകി ദ്രവിച്ചതിൻ ദുർഗന്ധമാണെൻ ചുറ്റും.
ജീർണ്ണിച്ച പാരമ്പര്യ കീഴ് വഴക്കങ്ങൾക്കുള്ളീ-
ലൊളിയ്ക്കൂമധർമ്മത്തിൻ കൂത്തരങ്ങാണെൻ ചുറ്റും!

കെണികളൊരുക്കി തൻ സഹജാതർക്കായ് ചതി-
ക്കുഴികൾ കുത്തി ചുറ്റും പതുങ്ങും കിരാതന്മാർ,
കൊടിയ വിഷം ചീ‍റ്റും കരിനാഗങ്ങൾ ചുറ്റു-
മിഴയും കൊടും വന ഭൂമിയാണെൻ ചുറ്റിലും!

വെറുപ്പിൽ വിദ്വേഷത്തിൽ കുതികാൽ വെട്ടിൽ കെട്ടി-
പ്പടുത്ത സമൂഹത്തിൻ മതിൽ കെട്ടുകൾക്കുള്ളിൽ,
വെളിച്ചംതേടീപ്പിടഞ്ഞുഴറി ശ്വാസം മുട്ടി-
ത്തളരുമെന്നാത്മാവു ദീനമായ് വിതുമ്പുന്നു!

ഹൃദയനൈർമ്മല്ല്യത്തിൽ നിന്നുയിർകൊള്ളും സ്നേഹം
മാഞ്ഞുപോയ് മരീചികപോലെയീ മണ്ണിൽനിന്നും,
കളങ്കം കാർമേഘമായ് പടരും മനസിലാ –
മഴവില്ലൊളീ വന്നു വിരിയില്ലൊരിക്കലും!

മൃദുലവികാരങ്ങൾ നറുതേൻ കണങ്ങളായ്,
നിറയുന്നില്ല പുഴുക്കുത്തിയ പൂവായ് ചിത്തം!
മൃതമാമാത്മാവിന്റെ ശവ പേടകം മർത്യ-
മനസിന്നൊരു തണുത്തുറഞ്ഞ മഞ്ഞിൻ കണം!

ഒരിറ്റു കണ്ണീർ തൂകാനറിയാത്തവൻ ഒരു-
നനുത്ത ചിരിനിലാവുതിർക്കാനറിയാത്തോൻ
ഒരുപൈങ്കിളി ക്കൊഞ്ചൽ കിലുക്കംകേൾകെ കെണി-
യൊരുക്കാൻ പിടഞ്ഞോടും ക്രുരനാം വേട്ടക്കാരൻ

ഇരയെ കുടുക്കുവാൻ കുരുക്കാണല്ലൊ ചൂണ്ടൽ-
കൊളുത്താണല്ലൊ ചുണ്ടിൽ ചിരിയായ് വിരിയുന്നു,
മിഴിനീർവറ്റും കണ്ണിൽ കനലായ് തിളങ്ങുന്ന-
തടക്കാൻ കഴിയാത്തൊരാർത്തിതൻ കനലല്ലോ!

എത്രയൊ നേടി സ്വാർഥമെങ്കിലും കൊതിയ്കയാ-
ണിത്തീരികൂടി സ്വന്തമാക്കുവാനെന്തെങ്കിലും!
സ്വാർഥമോഹങ്ങൾ മാത്രം വിളയും മരുഭൂവി-
ലേവരും വേട്ടക്കാർ തന്നിരകൾമാത്രം മുന്നിൽ!!!

മധുരം പുരട്ടിയ വാക്കിലും കപടമാം-
നോക്കിലും കടുംചായം പൂശിയ ചിരിയിലും
ഒളിച്ചു മനസിന്റെ വൈകൃതം സഹജരെ-
കുടുക്കാൻ വെമ്പിപിടഞ്ഞോടുമീകാപാലികർ!

എന്നിലെ എന്നിൽ അവശ്ശേഷിക്കും ചൈതന്യത്തെ-
എന്നേയ്ക്കും ബന്ധിക്കുവാൻ ചങ്ങലകൊരുക്കുന്നു!
അന്തരാത്മാവിന്നുള്ളിൽ ചിറകിട്ടടിക്കുമീ-
ചിന്തയാം വെൺപ്രാവിനെ ഹനിയ്ക്കാനൊരുങ്ങുന്നു!

മുഖമ്മൂടികൾക്കുള്ളിൽജ്വലിക്കും രോഷത്തിന്റെ-
തിളക്കം കണ്ടെൻ കൺകൾ മഞ്ഞളിക്കുന്നെങ്കിലും
കൊളുത്തും കുടുക്കുമായടുത്തെത്തും ചങ്ങല-
ക്കിലുക്കം കേട്ടെൻ കരൾ നടുങ്ങിത്തെറിക്കിലും!

സത്യധർമ്മങ്ങൾക്കായി നീതിതൻ രക്ഷയ്ക്കായി,
എനിക്കു മുൻപെ പോയി പൊരുതി മരിച്ചോർതൻ
പാവനസ്മരണകൾ തളരും മജ്ജീവനിൽ,
നവമാമുന്മേഷത്തിൻ ജ്വാലയായ് വിടരുന്നു!.

ദ്രവിച്ച മാമൂലുകൾ തൻ പുറം തോടിന്നുള്ളി-
ലൊളിക്കുമധർമ്മത്തെ തകർക്കാൻ കൊതിപ്പൂഞാൻ!
പതറിപ്പോവില്ല ഞാൻ ഈ രണഭൂവിൽ വീണു-
ചിതറിപ്പിടഞ്ഞു മൽ പ്രാണനെ ഹോമിച്ചാലും.!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ഫെമിനിസം


അർദ്ധാംഗിനീ നീ കലമ്പുന്നതെന്തു നി-
ന്നർദ്ധഭാഗം ചമച്ചീടും പുമാനുമായ്
വ്യർഥമായുള്ളൊരീ കോലാഹലങ്ങൾ
നിർത്തിയൊരല്പം നീ ചിന്തിച്ചു നോക്കുക!

എന്തിന്നു വേണ്ടി പൊരുതുന്നു നാരിതൻ
സ്വന്തമല്ലേ നരൻ ഏതു രൂപത്തീലും?
സ്വന്തം പതിയായ്, പിതാവായ്, സഹജനായ്
സ്വന്ത രക്തത്തിൽ പിറന്ന തൻ പുത്രനായ്
എന്നുമവൻ നിനക്കൊപ്പമല്ലേ നിന-
ക്കെങ്ങനെതള്ളിപ്പറയുവാനായിടും?

ഒന്നിനു വേറൊന്നു പൂരകമാകുവാൻ-
അല്ലെ വിഭിന്നരായ് രണ്ടു പേരും?
ഒന്നു പോലാവുകിൽ തുല്ല്യരായ് തീരുകിൽ
എന്തിന്നു രണ്ടു പേർ ഒന്നു പോരേ?

ഉന്നതമാണു നിൻ സ്ഥാനം നരന്നു നീ-
തുല്ല്യയായ് തീരാൻ കൊതിപ്പതെന്തെ?
നന്മകൾതന്നുറവെല്ലാം വിധാതാവു-
നിന്നിലാണല്ലൊ പകർന്നു തന്നു!

ശക്തിയായ്, പൂവിൻ മൃദുത്വമായ്, മഞ്ഞിൻ വി-
ശുദ്ധിയായ്, രാവിൻ നിഗൂഢതയായ്!
വെണ്ണിലാവിൻ നിറ വെണ്മയായ്, ആർദ്രമാം-
വെണ്ണയായ്, പൂങ്കുളിർതെന്നലായി!

എത്ര രൂപങ്ങൾ തൻ എത്ര ഭാവങ്ങൾ തൻ-
ഏകസ്വരൂപമായ് വൈരുദ്ധ്യമായ്
മേവുന്നു നീ ദേവിയായ് മർത്യ ലോകത്തി-
ന്നാധാരമായ് നിത്യ ശക്തിയായി!

ഇത്രയ്ക്കൂ മുന്നത ഭാഗ്യം പുണർന്നിട്ടു-
മെത്രക്കുദാസീന നാരിയിന്നും!
കഷ്ടം നരനോടു തുല്ല്യത നേടുവാൻ
നഷ്ടമാക്കുന്നുവോ നിന്റെ ശ്രീത്വം?

സ്ത്രീയെന്ന ഭാവം വെടിയുന്നു പക്ഷെ-
നീയെത്തുകില്ല പുരുഷനൊപ്പം
രണ്ടുമല്ലാത്ത നികൃഷ്ടജന്മത്തിനായ്
നീ കൊതിച്ചീടുന്നതെത്ര ഹീനം!

കുഞ്ഞായിരിക്കെ തൻ അമ്മതൻ കൈപിടി-
ച്ചല്ലേ പദമൂന്നി നില്പു മർത്യൻ?
അമ്മ തൻ തേന്മൊഴിമുത്തുകളല്ലെ ആ-
കുഞ്ഞുമനസിൽ പതിപ്പതാദ്യം?

നേർവഴി ചൊല്ലിക്കൊടുക്കാത്തതെന്തു നീ-
നാരിതൻ ധർമ്മം മറന്നു പോയൊ?
വാളോങ്ങി നിൽക്കുന്നതെന്തുനീ മാതൃത്വ-
ഭാവങ്ങൾ നിന്നിൽ വരണ്ടു പോയൊ?

സ്വന്തം സഹജരെ സ്നേഹിക്കുവാൻ സ്നേഹ-
മെന്തെന്നു ചൊല്ലിക്കൊടുത്തു നോക്കൂ!
നാരിയെ ദേവിയായ് മാനിക്കുവാനുള്ള-
പാഠംപകർന്നു കൊടുത്തുനോക്കൂ!

കല്ലെന്നു ചൊല്ലി വലിച്ചെറിയാതെയാ-
കല്ലിനെ ദേവതാശില്പമാക്കു!
സ്നേഹരാഗങ്ങൾ പൊതിഞ്ഞാ മണൽതരി-
മുത്താക്കി മാറ്റി നീ സ്വന്തമാക്കു!

പാദപീഠത്തിങ്കലല്ലവൻ തൻ ചിത്ത-
ശ്രീകോ‍വിലിൽ നീ വിളങ്ങി നിൽക്കു!
തുല്ല്യതയ്ക്കായ് പട വെട്ടി നശിക്കാതെ
മർത്യലോകത്തെ സമുദ്ധരിക്കു!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved.

2008, ഓഗസ്റ്റ് 16, ശനിയാഴ്‌ച

മോഹംനീലവിഹായസിൽ നീളേ തിളങ്ങുന്ന-
നീലരത്നങ്ങൾ ചിതറിക്കിടക്കവെ,
പൊൻ നിലാപ്പട്ടു പുതച്ച നിശീഥിനി
സുന്ദര സ്വപ്നത്തിലാണ്ടു മയങ്ങവെ,

പാതി വിടർന്ന മലരിൻ ദലങ്ങളെ
പാതിരാക്കാറ്റു തലോടിയുറക്കവെ,
ഏതൊ മധുരവിഷാദം കലർന്നൊരു
രാക്കുയിൽ പാട്ടിൽ തുളുമ്പിടുന്നെന്മനം!

പാതി വിരിഞ്ഞ മലരിൻ സ്മിതത്തിലും,
പാതിരാക്കാറ്റിൻ മൃദുനിസ്വനത്തിലും,
പാതിരാചന്ദ്രന്റെ മന്ദഹാസത്തിലും,
പാതിരാപ്പാട്ടിന്റെ ആർദ്രഭാവത്തിലും;

എങ്ങുംനിറഞ്ഞു തുളുമ്പുന്നു വിശ്വൈക-
ശില്പി തൻ വിശ്വം മയക്കും മൃദുസ്മിതം
ആമൃദുഹാസത്തിൻ ചൂടിലെൻ ജീവന്റെ-
താളങ്ങളെല്ലാമുണർന്നുയർന്നീടവെ,

ഏതൊ നിഗൂഡമാം ആനന്ദവായ്പിലി-
ന്നാകെത്തരിച്ചു സ്വയം മറക്കുന്നു ഞാൻ!!
എല്ലാം മറക്കുവാനിപ്രപഞ്ചത്തിന്റെ-
ചക്രവാളങ്ങളെ പിന്നിട്ടു പോകുവാൻ!

എല്ലാമറിയും പരം പൊരുളിൻപാദ-
പങ്കജം തന്നിൽ ലയിച്ചമർന്നീടുവാൻ!
പഞ്ചഭൂതങ്ങളാൽ ബന്ധിതമകുമീ
പഞ്ജരത്തിൽ നിന്നു മോചനംനേടുവാൻ!

ദാഹമൊ മോഹമോ സൃഷ്ടികർത്താവിനെ-
തേടുന്ന സൃഷ്ടി തൻ ഉൽക്കടവാൻച്ഛയൊ?
ഏതെന്നെനിക്കറിവീലെന്റെ ജീവന്റെ
ജീവനിലെന്തൊ തുടിക്കുന്നു മന്ദ്രമായ്!!!


~ Rose

Copyright © 2008 - rosebastin.blogspot.com. All rights reserved.

2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ദര്‍ശനം


ഇപ്രപഞ്ചനാഥനെ തൊഴുന്നു കണ്ണുനീരൊടെ-
ഇത്രകാലമങ്ങയെ അറിഞ്ഞീടാതെ പോയിഞാൻ.
എത്രയൊ യുഗങ്ങളായ് തിരഞ്ഞുകൊണ്ടിരുന്നുഞാൻ,
എത്രമേൽ കൊതിച്ചു നിന്റെ ദർശനത്തിനായി ഞാൻ!

വ്യഥിതനായിരുന്നു ഞാൻ ഹതാശനായിരുന്നു ഞാൻ,
വിവശനായിരുട്ടിൽ മുങ്ങി മാഴ്കയായിരുന്നുഞാൻ.
മമഹൃദന്തജാലകം തുറന്നു നീ വെളിച്ചമെ,
വകഞ്ഞുമാറ്റി കൊള്ളിമീൻ കണക്കു നീയിരുട്ടിനെ!

കേട്ടു നിന്റെ കാലടിസ്വരം തുറന്ന ജാലക-
വാതിലിൽ ഞാൻ കണ്ടു നിന്റെ തേജസാർന്നതൂമുഖം.
നിൽകയായിരുന്നു നീ അരികിലെന്റെ ഹൃത്തടം,
തൊട്ടു ചേർന്നു മന്ദമായ് വിളിയ്കയായിരുന്നു നീ!

കരുണയാൽ തിളങ്ങി നിന്റെ തിരുമിഴികൾ ദൈവമെ-
കതിരൊളിയിൽ മുങ്ങി ഹർഷപുളകിതമായെന്മനം.
അഖില ലോകപാലകാ സമസ്തദു:ഖഹാരകാ,
സകലപാപമോചനം കൊതിച്ചു നില്പു തൃപ്പദേ!

~ Rose

Copyright © 2008 rosebastin.blogspot.com. All rights reserved.