2008, ഓഗസ്റ്റ് 16, ശനിയാഴ്‌ച

മോഹം



നീലവിഹായസിൽ നീളേ തിളങ്ങുന്ന-
നീലരത്നങ്ങൾ ചിതറിക്കിടക്കവെ,
പൊൻ നിലാപ്പട്ടു പുതച്ച നിശീഥിനി
സുന്ദര സ്വപ്നത്തിലാണ്ടു മയങ്ങവെ,

പാതി വിടർന്ന മലരിൻ ദലങ്ങളെ
പാതിരാക്കാറ്റു തലോടിയുറക്കവെ,
ഏതൊ മധുരവിഷാദം കലർന്നൊരു
രാക്കുയിൽ പാട്ടിൽ തുളുമ്പിടുന്നെന്മനം!

പാതി വിരിഞ്ഞ മലരിൻ സ്മിതത്തിലും,
പാതിരാക്കാറ്റിൻ മൃദുനിസ്വനത്തിലും,
പാതിരാചന്ദ്രന്റെ മന്ദഹാസത്തിലും,
പാതിരാപ്പാട്ടിന്റെ ആർദ്രഭാവത്തിലും;

എങ്ങുംനിറഞ്ഞു തുളുമ്പുന്നു വിശ്വൈക-
ശില്പി തൻ വിശ്വം മയക്കും മൃദുസ്മിതം
ആമൃദുഹാസത്തിൻ ചൂടിലെൻ ജീവന്റെ-
താളങ്ങളെല്ലാമുണർന്നുയർന്നീടവെ,

ഏതൊ നിഗൂഡമാം ആനന്ദവായ്പിലി-
ന്നാകെത്തരിച്ചു സ്വയം മറക്കുന്നു ഞാൻ!!
എല്ലാം മറക്കുവാനിപ്രപഞ്ചത്തിന്റെ-
ചക്രവാളങ്ങളെ പിന്നിട്ടു പോകുവാൻ!

എല്ലാമറിയും പരം പൊരുളിൻപാദ-
പങ്കജം തന്നിൽ ലയിച്ചമർന്നീടുവാൻ!
പഞ്ചഭൂതങ്ങളാൽ ബന്ധിതമകുമീ
പഞ്ജരത്തിൽ നിന്നു മോചനംനേടുവാൻ!

ദാഹമൊ മോഹമോ സൃഷ്ടികർത്താവിനെ-
തേടുന്ന സൃഷ്ടി തൻ ഉൽക്കടവാൻച്ഛയൊ?
ഏതെന്നെനിക്കറിവീലെന്റെ ജീവന്റെ
ജീവനിലെന്തൊ തുടിക്കുന്നു മന്ദ്രമായ്!!!


~ Rose

Copyright © 2008 - rosebastin.blogspot.com. All rights reserved.

4 അഭിപ്രായങ്ങൾ:

  1. കവിത വളരെ ഇഷ്ടമായി..
    ബ്ലോഗില്‍ ഇങ്ങനെ കവിത തുളുമ്പുന്ന കവിതകള്‍ വളരെ കുറവാണ്, അതുകൊണ്ട് തന്നെ താങ്കളുടെ സംഭാവനകള്‍ സന്തോഷകരമാണ്...

    മറുപടിഇല്ലാതാക്കൂ
  2. നമ്മൾ ഒരേ തൂവൽ പക്ഷികളാണോ? ഇതിൽ സൂചിപ്പിച്ച ആ ഉൾക്കടാഭിവാഞ്ഛ എനിക്കും തോന്നുന്നതാണ്. കവിത വളരേ ഇഷ്റ്റമായി

    മറുപടിഇല്ലാതാക്കൂ
  3. രാഗാര്‍ദ്രമായ ഒരു കവിത... ഒറ്റയിരിപ്പില്‍ മൂന്ന് പ്രാവശ്യ്യം വായിച്ചു. നല്ല കവിതകള്‍ ഇനിയും വരട്ടെ....

    ആസംസകള്‍

    മറുപടിഇല്ലാതാക്കൂ