2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ഫെമിനിസം


അർദ്ധാംഗിനീ നീ കലമ്പുന്നതെന്തു നി-
ന്നർദ്ധഭാഗം ചമച്ചീടും പുമാനുമായ്
വ്യർഥമായുള്ളൊരീ കോലാഹലങ്ങൾ
നിർത്തിയൊരല്പം നീ ചിന്തിച്ചു നോക്കുക!

എന്തിന്നു വേണ്ടി പൊരുതുന്നു നാരിതൻ
സ്വന്തമല്ലേ നരൻ ഏതു രൂപത്തീലും?
സ്വന്തം പതിയായ്, പിതാവായ്, സഹജനായ്
സ്വന്ത രക്തത്തിൽ പിറന്ന തൻ പുത്രനായ്
എന്നുമവൻ നിനക്കൊപ്പമല്ലേ നിന-
ക്കെങ്ങനെതള്ളിപ്പറയുവാനായിടും?

ഒന്നിനു വേറൊന്നു പൂരകമാകുവാൻ-
അല്ലെ വിഭിന്നരായ് രണ്ടു പേരും?
ഒന്നു പോലാവുകിൽ തുല്ല്യരായ് തീരുകിൽ
എന്തിന്നു രണ്ടു പേർ ഒന്നു പോരേ?

ഉന്നതമാണു നിൻ സ്ഥാനം നരന്നു നീ-
തുല്ല്യയായ് തീരാൻ കൊതിപ്പതെന്തെ?
നന്മകൾതന്നുറവെല്ലാം വിധാതാവു-
നിന്നിലാണല്ലൊ പകർന്നു തന്നു!

ശക്തിയായ്, പൂവിൻ മൃദുത്വമായ്, മഞ്ഞിൻ വി-
ശുദ്ധിയായ്, രാവിൻ നിഗൂഢതയായ്!
വെണ്ണിലാവിൻ നിറ വെണ്മയായ്, ആർദ്രമാം-
വെണ്ണയായ്, പൂങ്കുളിർതെന്നലായി!

എത്ര രൂപങ്ങൾ തൻ എത്ര ഭാവങ്ങൾ തൻ-
ഏകസ്വരൂപമായ് വൈരുദ്ധ്യമായ്
മേവുന്നു നീ ദേവിയായ് മർത്യ ലോകത്തി-
ന്നാധാരമായ് നിത്യ ശക്തിയായി!

ഇത്രയ്ക്കൂ മുന്നത ഭാഗ്യം പുണർന്നിട്ടു-
മെത്രക്കുദാസീന നാരിയിന്നും!
കഷ്ടം നരനോടു തുല്ല്യത നേടുവാൻ
നഷ്ടമാക്കുന്നുവോ നിന്റെ ശ്രീത്വം?

സ്ത്രീയെന്ന ഭാവം വെടിയുന്നു പക്ഷെ-
നീയെത്തുകില്ല പുരുഷനൊപ്പം
രണ്ടുമല്ലാത്ത നികൃഷ്ടജന്മത്തിനായ്
നീ കൊതിച്ചീടുന്നതെത്ര ഹീനം!

കുഞ്ഞായിരിക്കെ തൻ അമ്മതൻ കൈപിടി-
ച്ചല്ലേ പദമൂന്നി നില്പു മർത്യൻ?
അമ്മ തൻ തേന്മൊഴിമുത്തുകളല്ലെ ആ-
കുഞ്ഞുമനസിൽ പതിപ്പതാദ്യം?

നേർവഴി ചൊല്ലിക്കൊടുക്കാത്തതെന്തു നീ-
നാരിതൻ ധർമ്മം മറന്നു പോയൊ?
വാളോങ്ങി നിൽക്കുന്നതെന്തുനീ മാതൃത്വ-
ഭാവങ്ങൾ നിന്നിൽ വരണ്ടു പോയൊ?

സ്വന്തം സഹജരെ സ്നേഹിക്കുവാൻ സ്നേഹ-
മെന്തെന്നു ചൊല്ലിക്കൊടുത്തു നോക്കൂ!
നാരിയെ ദേവിയായ് മാനിക്കുവാനുള്ള-
പാഠംപകർന്നു കൊടുത്തുനോക്കൂ!

കല്ലെന്നു ചൊല്ലി വലിച്ചെറിയാതെയാ-
കല്ലിനെ ദേവതാശില്പമാക്കു!
സ്നേഹരാഗങ്ങൾ പൊതിഞ്ഞാ മണൽതരി-
മുത്താക്കി മാറ്റി നീ സ്വന്തമാക്കു!

പാദപീഠത്തിങ്കലല്ലവൻ തൻ ചിത്ത-
ശ്രീകോ‍വിലിൽ നീ വിളങ്ങി നിൽക്കു!
തുല്ല്യതയ്ക്കായ് പട വെട്ടി നശിക്കാതെ
മർത്യലോകത്തെ സമുദ്ധരിക്കു!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved.

12 അഭിപ്രായങ്ങൾ:

  1. അമ്മേ..,
    മഹനീയം ഈ കവിത.

    ജീവിതം അതിന്റെ സമസ്ത ഭാവങ്ങളില്‍ ദര്‍ശിച്ചിരിക്കുന്നു.

    സ്നേഹത്തോളം ശക്തവും സത്യവുമായ മറ്റൊരു ആയുധമില്ലെന്നിരിക്കെ സ്ത്രീയെ ഭീതിതയാക്കി ആയുധമണിയിക്കുന്ന പണത്തിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളെ നമുക്ക് തിരിച്ചറിയാനാകട്ടെ.

    ഏതു ദുഷ്ടനേയും ശിഷ്ടനാക്കാന്‍ ശക്തമായ സ്നേഹത്തിന്റെ ഉറവിടമായിരിക്കേണ്ട സ്ത്രീ വാടകക്കെടുത്ത പൌരുഷമണിഞ്ഞ് നപുംസകമായി ആടിതിമര്‍ക്കുമ്പോള്‍ വീടും,നാടും,മനുഷ്യനും നശിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പണ്ട്‌,
    പുരുഷ ലക്ഷണങ്ങളിലൊന്ന്
    കുടവയറായിരുന്നു.
    സ്ത്രീ ലക്ഷണങ്ങളില്‍,
    ഇടതൂര്‍ന്ന നീണ്ട മുടിയും.
    ഇന്ന്‌,
    ബുദ്ധിജീവി ചമയങ്ങളിലൊന്ന്
    ഫെമിനിസ്റ്റ്‌ ലിപ്‌സ്റ്റിക്കാണ്‌.

    മറുപടിഇല്ലാതാക്കൂ
  3. feminist enna nuena pakshathiloode adichamarthapedunna sthreesamoohathe nokki kandathinte preshnamanu ee kavitha.
    sthree adukkalayil marapachilodumbozhum tvyile comdey program kandu thalithalli chirikkunu purushane kanumbol avalkkundakka nisahaya avastha varnikkathathu entha.
    kudayanaya bharthavine theetipottanum,avattakalude thallukollanum vendi janicha pattinikolangale varnikkathathu entha.ardha rathrikku pipe chottil vellathinu kathu nilkkuna sthreeye maranno.
    athinu purushan alle panam kondu varunnathu ennayirikkum utharam. joliyulla sthreekalude karyam ithinekal kashtamanu.trainilirunnu pachakkari ariyunna avarude kaiviral varnikkan oru nootambathu alu kanum.allathe avare sahayikkan oru puzhuvum ee lokathilla.parakkum thalikayalanavar.(kurachu purushanmarkku kannil chorayundavum .ithu bhooripakshathinte kadhayanu)veruthe nirmalam ...suntharam ....ardhram ingane ulla padangal kondu visheshipichal pala shtreekaleyum changalkidan pattum.sthreekal emotional fools anallo..athu poloru changala ano ee kandathu.sthreekal vidyabyasam nedi veetamma padam upekshikkanam.
    joli cheyathathu kondu achan allathavunnilla...achante sneham kurachu kanunnumilla.amma mathram adukkalayil kidannale snehamulla ammayavoo...

    മറുപടിഇല്ലാതാക്കൂ
  4. ഒന്നിനു വേറൊന്നു പൂരകമാകുവാൻ-
    അല്ലെ വിഭിന്നരായ് രണ്ടു പേരും?
    ഒന്നു പോലാവുകിൽ തുല്ല്യരായ് തീരുകിൽ
    എന്തിന്നു രണ്ടു പേർ ഒന്നു പോരേ?

    ..........


    ചേച്ചീ. വളരെ അര്‍ത്ഥവത്തായ വരികള്‍
    ഹ്യദയത്തില്‍ കൊള്ളുന്ന രീതിയില്‍ അടുക്കി വെച്ചിരിക്കുന്നു.

    എല്ലാവരും ഇത്‌ ഏറ്റു ചൊല്ലിയെങ്കില്‍ എന്ന് ആശിക്കുന്നു.

    അതെ. എന്തിനീ കോലാഹലങ്ങള്‍..


    എല്ലാ ആശംസകളും നേരുന്നു. ആ നല്ല മനസ്സിന്റെ നിറം ഈ പുഞ്ചിരിയിലൂടെ പുറത്ത്‌ കാണുന്നു.
    OT
    എവിടെപ്പോയി സൊസൈറ്റി കൊച്ചമ്മമാര്‍ (അവര്‍ വരുമ്പോഴേക്കും ഞാന്‍ സ്കൂട്ടായി )

    മറുപടിഇല്ലാതാക്കൂ
  5. 'ഫെമിനിസം' വായിക്കാനും അഭിപ്രായങ്ങൾ എഴുതാനും സന്മനസുണ്ടായ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.


    അനോണിമസിന്,

    താങ്കളുടെ ചോദ്യങ്ങൾ ശരിയാണ് . സ്ത്രീകളുടെ ദു:ഖങ്ങളെ മറന്നു കൊണ്ടുള്ള ഒരു നീക്കമായി ഒറ്റനോട്ടത്തിൽ തോന്നാവുന്ന ഒന്നാണ് ഈ കവിത. പുരുഷന്റെ ക്രുരതകൾക്കു നേരെ കണ്ണടക്കുകയും, കഷ്ടതയനുഭവിക്കുന്ന സ്ത്രീയുടെമേൽ അവനേ നേർവഴിക്കു നയിക്കാനുള്ള ചുമതല കൂടി വച്ചു കൊടുക്കുകയും ചെയ്യുന്നതു കാണുമ്പോൾ സാധാരണ ഗതിയിൽ ആരും അങ്ങനെ തന്നെ ചിന്തിച്ചു പോകും. ഞാനും ഒരു സ്ത്രീയാണ് . സ്ത്രീയുടെ ദു;ഖങ്ങളിൽ മനമുരുകുന്ന , പുരുഷന്റെ ക്രുരതകളിൽ അമർഷമുള്ള സ്ത്രീ! പക്ഷേപുരുഷന്റെ ക്രുരത അവസാനിപ്പിക്കാനുള്ള മാർഗമെന്ത് എന്ന അന്വേഷണത്തിൽ നിന്നാണ് ഈ ഫെമിനിസത്തിന്റെ പിറവി.

    ഫെമിനിസത്തെക്കുറിച്ചുള്ള പുതിയ പോസ്റ്റു വായിക്കുമല്ലൊ. ഫെമിനിസം വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരിക്കൽകൂടിനന്ദി!

    മറുപടിഇല്ലാതാക്കൂ
  6. ‘ശക്തിയായ്, പൂവിൻ മൃദുത്വമായ്, മഞ്ഞിൻ വി-
    ശുദ്ധിയായ്, രാവിൻ നിഗൂഢതയായ്!
    വെണ്ണിലാവിൻ നിറ വെണ്മയായ്, ആർദ്രമാം-
    വെണ്ണയായ്, പൂങ്കുളിർതെന്നലായി!

    എത്ര രൂപങ്ങൾ തൻ എത്ര ഭാവങ്ങൾ തൻ-
    ഏകസ്വരൂപമായ് വൈരുദ്ധ്യമായ്
    മേവുന്നു നീ ദേവിയായ് മർത്യ ലോകത്തി-
    ന്നാധാരമായ് നിത്യ ശക്തിയായി!‘

    ശരിയാണ്. ഇതൊക്കെ തന്നെയാണ് ഒരു സാധാരണ പെണ്ണിന്റെ [അവൾ എങ്ങിനെയായിരിക്കണം എന്ന് അവൾ തന്നെയാഗ്രഹിക്കുന്ന] ഭാവങ്ങൾ. ഈ ഭാവങ്ങൾ അംഗീകരിക്കപ്പെട്ട ദേവതകളും തിരിച്ചറീയപ്പെടാതെ വീടിന്റെ മൂലയിൽ പുകയും മാറാലയും മൂടിക്കിടക്കുന്ന ഹതഭാഗ്യരായ ദേവീവിഗ്രഹങ്ങളുമുണ്ട്. തുല്യതയിലല്ല, ഒരു പടി താഴെ നിന്നുകൊണ്ടുള്ള അംഗീകരിക്കപ്പെടലാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

    കവിത വളരേ വളരേ മനോഹരമായി. നല്ല ഒഴുക്കും വളരേ നല്ല്ല ഒരാശയവും

    മറുപടിഇല്ലാതാക്കൂ
  7. Thank you Lakshmy! കവിതയും ലേഖനവും വായിച്ചതിനും ആശയം ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിനും വളരെ നന്ദി! സ്ത്രീകളുടെ അഭിപ്രായത്തിന് വളരെ വിലയുള്ള ഒരു വിഷയമാണല്ലൊ ഇത് . Thank you once again!

    മറുപടിഇല്ലാതാക്കൂ
  8. evide varaanvaikipoi..chechiyennu vilikkano?anujathhiyaano?ariylla..eekavitha,valare...valare...nannaayrikkunnu.nalla arthhavathhaaya varikal.nanmakalneru...

    മറുപടിഇല്ലാതാക്കൂ
  9. Thank you kalyani!ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി! ചേച്ചിയെന്നു വിളിച്ചാലും പേരുവിളിച്ചാലും ഒരുകുഴപ്പവുമില്ല, രണ്ടും സന്തോഷംതന്നെ.
    അഭിപ്രായത്തിന് ഒരിക്കൽ കൂടി നന്ദി!

    മറുപടിഇല്ലാതാക്കൂ
  10. പ്രകൃതി നല്‍കിയിരിക്കുന്ന നിര്‍വചനങ്ങള്‍ അപഗ്രഥിക്കാതിരിക്കുന്ന അവസ്ഥയാണു് പല ഇസങ്ങളുടേയും ഉറവിടം.
    കവിത മനോഹരം.
    സ്ത്രീ മകളും അമ്മയും ഭാര്യയും പെങ്ങളും അമ്മൂമ്മയും ഒക്കെയായി സ്നേഹ സമുദ്രമല്ലേ...

    മറുപടിഇല്ലാതാക്കൂ

  11. കുഞ്ഞായിരിക്കെ തൻ അമ്മതൻ കൈപിടി-
    ച്ചല്ലേ പദമൂന്നി നില്പു മർത്യൻ?
    അമ്മ തൻ തേന്മൊഴിമുത്തുകളല്ലെ ആ-
    കുഞ്ഞുമനസിൽ പതിപ്പതാദ്യം?

    മനോഹരമായ കവിത..നന്ദി..

    മറുപടിഇല്ലാതാക്കൂ