2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ദര്‍ശനം


ഇപ്രപഞ്ചനാഥനെ തൊഴുന്നു കണ്ണുനീരൊടെ-
ഇത്രകാലമങ്ങയെ അറിഞ്ഞീടാതെ പോയിഞാൻ.
എത്രയൊ യുഗങ്ങളായ് തിരഞ്ഞുകൊണ്ടിരുന്നുഞാൻ,
എത്രമേൽ കൊതിച്ചു നിന്റെ ദർശനത്തിനായി ഞാൻ!

വ്യഥിതനായിരുന്നു ഞാൻ ഹതാശനായിരുന്നു ഞാൻ,
വിവശനായിരുട്ടിൽ മുങ്ങി മാഴ്കയായിരുന്നുഞാൻ.
മമഹൃദന്തജാലകം തുറന്നു നീ വെളിച്ചമെ,
വകഞ്ഞുമാറ്റി കൊള്ളിമീൻ കണക്കു നീയിരുട്ടിനെ!

കേട്ടു നിന്റെ കാലടിസ്വരം തുറന്ന ജാലക-
വാതിലിൽ ഞാൻ കണ്ടു നിന്റെ തേജസാർന്നതൂമുഖം.
നിൽകയായിരുന്നു നീ അരികിലെന്റെ ഹൃത്തടം,
തൊട്ടു ചേർന്നു മന്ദമായ് വിളിയ്കയായിരുന്നു നീ!

കരുണയാൽ തിളങ്ങി നിന്റെ തിരുമിഴികൾ ദൈവമെ-
കതിരൊളിയിൽ മുങ്ങി ഹർഷപുളകിതമായെന്മനം.
അഖില ലോകപാലകാ സമസ്തദു:ഖഹാരകാ,
സകലപാപമോചനം കൊതിച്ചു നില്പു തൃപ്പദേ!

~ Rose

Copyright © 2008 rosebastin.blogspot.com. All rights reserved.

2 അഭിപ്രായങ്ങൾ:

  1. വളരെ ഈണത്തോടെ പാടാവുന്ന വരികള്‍. വളരെ ഇഷ്ടമായി ഈ കൃസ്തീയഗാനം.

    ഇനിയും ഇതുപോലെ ധാരാളം എഴുതൂ. അഭിനന്ദനങ്ങളും ആശംസകളും.

    മറുപടിഇല്ലാതാക്കൂ