2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ആത്മജ്ഞാനം (രണ്ടാം ഭാഗം)



കൊടിയ തമസ്സിന്റെ നിബിഢവനഭൂവി-
ലിടറിവീണും പിടഞ്ഞും,
നിത്യനൈരാശ്യ ശൈത്യമുറയുന്ന
മർത്യലോകം വിമൂകം!
തിന്മതൻ വിളകൾ കൊയ്തുകൂട്ടിയും
കണ്ണുനീർക്കടലിൽ മുങ്ങിയും,
ദിശമറന്നും, പകനിറഞ്ഞും
തങ്ങളീൽ പടവെട്ടിയും,
ദുരിതനടുവിൽ സ്വയമെരിഞ്ഞു
ശാപമാർന്ന നരജീവിതം

യുഗയുഗങ്ങളിൽ അവതരിച്ചവർ,
തിരിതെളിച്ചവർ, മാഞ്ഞുപോയ്!
‘അരുതുകൾ’, പല ‘മൊഴികൾ’, പല പല
‘വഴികൾ’ ചൊല്ലിക്കടന്നുപോയ്!

നേർവഴിക്കുചരിക്കുവാൻ മൊഴി-
കേട്ടു വഴികൾ തിരുത്തുവാൻ
ആവുകില്ലിനിയൊന്നിനും സ്വയ-
മടിമയായവൻ മാനവൻ!
സ്വന്തമമിഛാശക്തി പണയം
വച്ചവൻ നിസ്സഹായനായ്
ജന്മമെത്ര ലഭിക്കിലും ഇനി-
യില്ല “സ്വയമൊരു മോചനം”!

ജന്മജന്മങ്ങൾ തന്നപാപങ്ങൾ
ചങ്ങലക്കണ്ണിയായ്-
കെട്ടിവരിയുന്നു ചുറ്റിമുറുകുന്നു
പെരുകിടുന്നനുനിമിഷവും


*** ** * ** ***


ഇരുളുമൂടിയ മഹിതലത്തിലേ-
ക്കൊഴുകിവന്നൊരു കിരണമായ്
കനിവിയന്നവൻ വിഭുവിൻ അംശമീ-
ധരണിയിൽ വന്നു ജാതനായ്!
മനുഷ്യപാപകടങ്ങൾ തീർക്കുവാൻ
മനുഷ്യജന്മമെടുത്തവൻ!
സകലപാപവും സകല ദു:ഖവും
സംവഹിച്ചു കരങ്ങളിൽ!
സഹനയാഗത്തിന്നഗ്നിയിൽ സ്വയ-
മെരിഞ്ഞു ബലിയായ്, യാഗമായ്!
സ്വന്തജീവൻ നൽകി മർത്യനെ
വീണ്ടെടുത്തു കരുണാമയൻ!
ഇതുവരെയുള്ള പാപമൊക്കെയും
ഭാരമൊക്കെയും തീർത്തവൻ!
ബന്ധനങ്ങളഴിഞ്ഞു മായ-
യ്ക്കടിമയല്ലിനി മാനവൻ

അനുതപിക്കുവോർ ഒക്കെയും പാപ-
വഴികൾ വെടിയുവോരൊക്കെയും
തമസ്സിൽ നിന്നു കരേറുവാൻ
സ്വയമാഗ്രഹിപ്പവരൊക്കെയും
‘ദേവയാഗഫല’മനുഭവിക്കുവാൻ
യോഗ്യരാണതു നിശ്ഛയം!
ജാതിയില്ല മതഭേദമില്ലിതിനു
വേണ്ടൊരനുമതിപത്രവും!

അരുതുപാപങ്ങളിനിയുമരുതെ
ന്നരുളി മാനവരക്ഷകൻ
പാപമാർഗം വെടിയുവാൻ ‘സ്നേഹ-
മന്ത്ര’മേകി മഹേശ്വരൻ!

“തന്നോടു ചെയ്യുവാൻ ഇഛിപ്പതൊക്കെയു മന്യർക്കു ചെയ്യുക മോദാൽ
തെറ്റുകൾ തന്നോടു ചെയ്യുമ്പോഴൊക്കെയും മാപ്പവർക്കേകുക മേലിൽ

ഈവഴിക്കു ചരിക്കുവോർ പാപ
വഴിയിലല്ല സുനിശ്ചിതം!
ഏതുപേരു വിളിക്കിലും വിളി-
കേൾക്കുമീശ്വരനൊന്നു താൻ;
ഏതു ജാതിയിലാകിലും സഹ-
ജാതർ, മാനവർ സോദരർ



*~*~*~*~*~*~*~*~*~*~*~*~*
(ആത്മജ്ഞാനം ഒന്നാം ഭാഗം ഇവിടെ)

~rose

Image Coutersey: Ingrid Sundberg (http://www.visionmagazine.com/)
Copyright © 2008-09 - rosebastin.blogspot.com. All rights reserved

8 അഭിപ്രായങ്ങൾ:

  1. “തന്നോടു ചെയ്യുവാൻ ഇഛിപ്പതൊക്കെയുമന്യർക്കു ചെയ്യുക മോദാൽ
    തെറ്റുകൾ തന്നോടു ചെയ്യുമ്പോഴൊക്കെയും മാപ്പവർക്കേകുക മേലിൽ”

    പാപത്തിൽ നിന്നകന്നിരിക്കാനുള്ള അതിവിശിഷ്ടമായ മാർഗം!

    ഈമാർഗത്തിൽ ചരിക്കുന്നവർക്ക് കർമഫലങ്ങൾ തീർക്കാൻ ഇനിയുമൊരു നരജന്മത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരികയില്ല! നടപ്പിലാക്കാൻ വിഷമകരം... എന്നാൽ പരിശീലിക്കുമ്പോൾ അത്ഭുതകരമായ മാറ്റങ്ങൾ ജീവിതത്തിൽ അനുഭവപ്പെടുന്നതായി കാണാം!

    മറുപടിഇല്ലാതാക്കൂ
  2. ഒരുപാട് ഇഷ്ടമായി ഈ കവിത.
    നല്ല എഴുത്ത്, ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരം കവിതകള്‍
    വായിച്ചുമനസ്സിലാക്കാന്‍ മാത്രമുള്ള
    ജ്ഞാനമില്ല...
    വാക്കുകളില്‍ നിറയുന്നത്‌
    യാഥാര്‍ത്ഥ്യത്തിന്റെ മുള്‍മുനകളോ
    അതോ
    വിഹ്വലതകളോ...


    ഇനിയും എഴുതുക
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. PR REGHUNATH,
    സന്ദർശിച്ചതിനും, നല്ലവാക്കിനും നന്ദി!


    ഗിരിഷ് എഎസ്,

    എല്ലാം പൂർണ്ണമായിമനസിലാക്കാൻ മഹാജ്ഞാനികൾക്കു പോലും അസാദ്ധ്യം. അന്ധൻ ആനയെ കണ്ടതുപോലെ ഓരോരുത്തരും ഓരോ വിധത്തിൽ കാണുന്നു മനസിലാക്കുന്നു. ഞാനും എനിക്കു മനസിലായത്, അനുഭവിച്ചറിഞ്ഞത്, സത്യമെന്നു ഞാൻ വിശ്വസിക്കുന്നത്, അറിയാവുന്ന ഭാഷയിൽ എഴുതിവെച്ചു; അത്ര മാത്രം! തന്നോടു മറ്റുള്ളവർ ചെയ്യാനാഗ്രഹിക്കുന്നത് എന്താണോ, അതു മറ്റുള്ളവർക്കു ചെയ്തുകൊടുക്കുക എന്ന ലളിതമായ തത്വം ജീവിതത്തിൽ നടപ്പാ‍ക്കുവാൻ ഓരോരുത്തരും ശ്രമിച്ചാൽ, ഇന്നു ലോകത്തെ നരകമാക്കി മാറ്റി കൊണ്ടിരിക്കുന്ന എല്ലാ തിന്മകൾക്കും ദുഷ്ടതകൾക്കും അന്ത്യം കുറിക്കാൻകഴിയും എന്നവസ്തുത മാത്രം ആർക്കും നിഷേധിക്കുവാൻ സാധ്യമല്ല! തന്നെപ്പോലെയാണു മറ്റുള്ളവരും എന്നു ചിന്തിക്കുന്ന, അല്പം അനുകമ്പയുള്ള ഒരു ഹൃദയം വളർത്തിയെടുക്കാൻ മനുഷ്യനു കഴിഞ്ഞാൽ ഈലോകം എത്ര സുന്ദരമായിത്തീരും!!! സന്ദർശിച്ചതിനും അഭിപ്രായത്തിനു നന്ദി!

    മറുപടിഇല്ലാതാക്കൂ
  6. ചേച്ചി : ആശയം കൊള്ളാം , കവിത നന്നായിരിക്കുന്നു ..ആശംസകള്‍ ! ,അസുഖം കാരണം രണ്ടുമാസകാലമായി ഒരു ബ്ലോഗും നോക്കാരില്ലായിരുന്നു.ഇനിയും വരാം ..

    മറുപടിഇല്ലാതാക്കൂ