2008, ഡിസംബർ 6, ശനിയാഴ്‌ച

ആത്മജ്ഞാനം




കാലത്തിൻ രഥചക്രമുരുണ്ടു, മരണത്തിൻ-
കാലടിസ്വരം കേട്ടു, കറുത്ത നിഴൽ കണ്ടു;
ക്ഷണത്തിൽ കൈപിടിച്ചു മരണം, ജീവനാള-
മണഞ്ഞു, കനവുകൾ പൊലിഞ്ഞു. ജന്മം തീർന്നു!!

ആത്മനേത്രങ്ങൾ വീണ്ടും തുറന്നു, മിഴിമൂടും-
മായതൻ തിരശീലയഴിഞ്ഞു, ഗതകാല-
ജീവിതചിത്രം ചുരുൾ നിവർന്നു, ക്ഷണികമാ-
മൊരു നീർക്കുമിളപോൽ, നിഴൽപോൽ, കിനാവുപോൽ!!

അകലെ കോടിസൂര്യ പ്രഭയാർന്നൊരു ലോക-
മനവദ്യമാം ദൃശ്യ വിസ്മയം മനോഹരം!
അവിടെ പ്രേമോദാര സുന്ദരസ്വരൂപനായ്-
കരുണാമയൻ, മൃദു സുസ്മിതൻ, ചേതോഹരൻ!!

വഴിയും മന്ദഹാസ മധുവാലാത്മാവിനെ-
കുളിരാൽ നിറക്കുന്നു, തരളം മൃദുലലോലം;
“വരിക വരിക നീയോമലെ അരികിലെ-”
ന്നരുമയോടെ മാടിവിളിപ്പൂ പ്രഭാമയൻ!!

കുതികൊള്ളുന്നു, മനം തുടികൊട്ടുന്നു, പറ-
ന്നരികിലെത്താ നാത്മാവുഴറിപ്പിടയുന്നു;
ഉയരാൻ കഴിയുന്നില്ലാത്മാവിൽ കനംതൂങ്ങും-
ചുമടിൻ ഭാരം താങ്ങി ചിറകു കുഴയുന്നു!

നേടുവാനേറെക്കൊതിച്ചെത്തിയീ വിളഭൂവിൽ
കാടു കേറിപ്പോയ് വഴിമറന്നു, ലക്ഷ്യം തെറ്റി;
ദേഹിയെ മറന്നു പോയ്, ദേഹമെന്നോർത്തു സർവ്വം,
മായതൻ ചരടിലെ പാവയായ്, കോമാളിയായ് !!

പകയും വിദ്വേഷവും മദമാത്സര്യങ്ങളും,
ചതിയും, സഹജമാം സ്വർത്ഥ മോഹങ്ങൾക്കൊപ്പം
വിതച്ചു, നൂറുമേനി വിളഞ്ഞു, കൊയ്തതെല്ലാം
വിനയായ് തീർന്നു, പാപം കറയായ് കനം തൂങ്ങി!

വ്യർത്ഥകർമ്മങ്ങൾ പാപക്കറയായ് കനം കൂട്ടും-
ശപ്തഭാണ്ഡങ്ങൾ വലിച്ചെറിയാനാവില്ലല്ലൊ!
ഉയരാൻ കഴിയില്ലീ ചുമടും താങ്ങി വീണ്ടു-
മുഴലാൻ വിധിയായി നഷ്ടങ്ങൾമാത്രം ബാക്കി!

ദേഹദേഹികൾ തമ്മിൽ ചേരുമീ മണ്ണിൻ മഹാ-
കർമ്മ ഭൂമിയിൽ വീണ്ടും നരനായ് പിറന്നെങ്കിൽ!
ശുദ്ധമാം കർമ്മങ്ങൾ ചെയ്ത ക്ഷയ മാത്മാവിനെ
മുക്തനാക്കീടാൻ, ചുമടൊഴിക്കാൻ കഴിഞ്ഞെങ്കിൽ!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved
Image Coutersey: Nirvana Rock Band (Abum: Never Mind)

12 അഭിപ്രായങ്ങൾ:

  1. മരണം കൈ പിടിച്ചു… മായാബന്ധനമഴിഞ്ഞു. ആത്മനേത്രങ്ങൾ തുറന്നു!

    കോടി സൂര്യന്മാർ പ്രകാശം വിതറുന്ന ഒരു സുന്ദരലോകം കണ്മുൻപിൽ വിരിയുകയാണ് കാത്തു നിൽക്കുകയാണ് കൈമാടി വിളിക്കുകയാണ്. “വരിക! വരിക! യുഗങ്ങളായി നിനക്കായി കാത്തിരിക്കുന്ന ഈസുന്ദരലോകം സ്വന്തമാക്കുക!!!”

    അടക്കാനാവാത്ത ആത്മദാഹം മുന്നോട്ടു വലിക്കുന്നു കൂട്ടിലെത്താൻ വെമ്പുന്ന കിളിയുടെ അന്തർദാഹം ഉൽക്കടമാണ് പക്ഷേ…വയ്യല്ലോ!!! ചിറകുകൾ കുഴയുകയാണ്… താങ്ങാനാവാത്ത പാപ ഭാരം പേറുന്ന ആത്മാവിന് ഉയരാൻ കഴിയില്ലല്ലോ! ചെയ്തതെല്ലാം വിഡ്ഡിത്തമായിരുന്നു! നീർക്കുമിളയുടെ ആയുസു മാത്രമുള്ള മനുഷ്യ ജീവിതം,വെറും നിഴൽമാത്രമായിരുന്നു! നിഴലിനു പിന്നാലെ ഓടി… യാഥാർഥ്യത്തെ വിസ്മരിച്ചു, പകയും വിദ്വേഷവും അഹന്തയും സ്വാർത്ഥതയുംആർത്തിയും നിറഞ്ഞു വാരിക്കൂട്ടിയതൊക്കെ എവിടെ…?

    താൻ വെറും ശരീരം മാത്രമല്ലെന്നും, ആത്മാവിന് ഈഭൂമിയിൽ സഞ്ചരിച്ചു സത്കർമ്മങ്ങൾ ചെയ്ത് അക്ഷയനിധി ശേഖരിക്കുവാൻ വേണ്ടി നൽകപ്പെട്ടിരിക്കുന്ന വാഹനമാണു ശരീരം എന്നും അറിയാൻ കഴിഞ്ഞിരുന്നു വെങ്കിൽ…!

    ദുഷ്കർമ്മങ്ങൾ ആത്മാവിന് അഗാധമായമുറിവുകളും ക്ഷതങ്ങളും സമ്മാനിക്കമെന്നും മുന്നോട്ടുള്ള അതിന്റെ പ്രയാണത്തിനു തടസം സൃഷ്ടിക്കുമെന്നും അതുവഴി നിത്യദു:ഖത്തിനു കാരണമാകുമെന്നും അറിഞ്ഞിരുന്നെങ്കിൽ…!

    നരജന്മം അമൂല്ല്യമാണ് എന്നറിഞ്ഞിരുന്നെങ്കിൽ…!

    ആത്മാവും ശരീരവും ചേരുന്ന ഈകർമഭൂമിയിൽ മാത്രമേ കർമ്മം ചെയ്യാനാവുകയുള്ളു എന്നറിഞ്ഞിരുന്നെങ്കിൽ…!

    നല്ലചിന്ത,നല്ലവാക്ക് , നല്ലപ്രവർത്തി എല്ലാം നല്ല വിത്തുകളാണെന്നും, വിതച്ചു നൂറു മേനി കൊയ്താൽ, ഈലോകത്തിൽ തന്നെ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ…!

    അതോടൊപ്പം ആത്മാവിനു വേണ്ട അക്ഷയ നിധിയും കരസ്ഥമാക്കി ഒരിക്കലും അവസാനിക്കാത്ത നിത്യാനന്ദത്തിലേക്കു ചിറകടിച്ചുയരാം എന്നും ഉള്ള സത്യം അറിഞ്ഞിരുന്നുവെങ്കിൽ…!

    എല്ലാസത്യങ്ങളും തനിക്കു ചുറ്റും ഉണ്ടായിരുന്നു; പക്ഷേ, മായയുടെ ബന്ധനം കണ്ണുകളെ അന്ധമാക്കിയിരുന്നു…!

    ഇനി ഒരു നരജന്മം കൂടി ലഭിച്ചാൽ… മായയിൽ നിന്നു മുക്തനായി കർമങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ… അതുവരെ… ഈചുമടും താങ്ങി… ഈ പ്രയാണം…

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ഇഷ്ടമായി...ഈ ശൈലിയില്‍ എഴുതാന്‍ കൊതിതോന്നുന്നു......

    മറുപടിഇല്ലാതാക്കൂ
  4. Dear Madam,

    kavithakal ningalkku nallapole vazhangunnu.Eva prasidheekarichukoode?

    മറുപടിഇല്ലാതാക്കൂ
  5. വികടശിരോമണി,
    നന്ദി ! സന്ദര്‍ശിച്ചതിനും സ്മൈലിക്കും!!
    മനോജ് മേനോന്‍,
    ശൈലി ഇഷ്ടമായി എന്നറിയിച്ചതില്‍ സന്തോഷിക്കുന്നു! നന്ദി!
    PR.RAGHUNATH,
    അഭിനന്ദനത്തിനു നന്ദി! പ്രസിദ്ധീകരിക്കണമെന്നുണ്ട്,ഇതുവരെ ശ്രമിച്ചില്ല എന്നതാണ്സത്യം.

    മറുപടിഇല്ലാതാക്കൂ
  6. ചേച്ചീ,

    ഈ വരികളെ വിശകലനം ചെയ്ത്‌ അഭിപ്രായമറിയിക്കാനുള്ള ഉള്‍കാഴ്ചയില്ല.

    ഇനിയൊരു ജന്മം കര്‍മ്മങ്ങള്‍ക്കായി നമുക്ക്‌ ലഭിക്കില്ലെന്ന അറിവില്‍ ഉള്ള സമയം കര്‍മ്മ നിരതരാവാന്‍ ഏവര്‍ക്കും കഴിയട്ടെ.
    പാപ ഭാരങ്ങളില്ലാതെ പറന്നുയരാന്‍ നമ്മുടെ ആത്മാവുകള്‍ക്ക്‌ കഴിയണം


    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ബഷീര്‍ പറഞ്ഞതു ശരിയാണ്. ഇനിയൊരു ജന്മത്തിനു കാത്തിരിക്കാതെ ,കിട്ടിയജന്മം നല്ല കര്‍മങ്ങളാല്‍ നിറക്കാന്‍ കഴിയുന്നതാണു നല്ലത് .
    ഏതായാലും ,സത്കര്‍മങ്ങളാല്‍ ആത്മാവിനെ ഭാരമുക്തമാക്കാതെ മോക്ഷപ്രാപ്തിക്കു കുറുക്കുവഴികളില്ല എന്നതു സത്യമാണ്!
    അഭിപ്രായത്തിനും ആശംസക്കും നന്ദി!!

    മറുപടിഇല്ലാതാക്കൂ
  8. നല്ല കവിത. വിവരണം ഉൾക്കാഴ്ച നൽകാനുതകും. പക്ഷേ സഹൃദയന്റെ മനസ്സിലല്ലേ വിവരണം ജനിക്കേണ്ടിയിരുന്നത്‌

    മറുപടിഇല്ലാതാക്കൂ
  9. അഭിപ്രായത്തിനു നന്ദി!

    മേഘമല്‍ഹാര്‍ പറഞ്ഞതു ശരിയാണ്. പക്ഷേ, Law of Karma-യും പുനറ്ജന്മവും എല്ലാം അത്ര പരിചയമില്ലാത്തവരുണ്ട്ല്ലൊ, കവിതയില്‍ എന്താണുദ്ദേശിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാന്‍ ഒരു ചെറുവിവരണം അവര്‍ക്കുതകുമെന്നു കരുതി.

    മറുപടിഇല്ലാതാക്കൂ