2008, നവംബർ 22, ശനിയാഴ്‌ച

വിരഹം


കണ്ണുനീരിന്റെ നേർത്ത മറയിലൂ-
ടൊന്നുകൂടി തിരിഞ്ഞു ഞാൻ നോക്കവെ
കണ്ടു ,ഞാനെന്റെ പ്രാണന്റെ പ്രാണനിൽ,
രോമഹർഷമായ് പൂത്തൊരാ തൂമുഖം!

നിർന്നിമേഷമാ സ്നിഗ്ദ്ധനേത്രങ്ങളിൽ
നിന്നലയ്ക്കുകയാണൊരു സാ‍ഗരം!
വാക്കുകൾക്കു പകർത്തുവാനാകാത്ത
നൊമ്പരങ്ങൾ തൻ വൻ തിരച്ചാർത്തുകൾ!

അമ്മ തൻ മൃദു വാത്സല്യധാരയ്ക്കായ്,
വെമ്പി വെമ്പിക്കുതിക്കുമാ മാനസം
അമ്മ തൻ കരലാളന സ്പർശത്തിൻ,
നിർവൃതിക്കായ് കൊതിക്കുമാ പൂവുടൽ;

നിൽക്കുകയാണു നിശ്ചലം നൊമ്പര-
ശില്പമായ് ശിലാവിഗ്രഹമെന്നപോൽ!
പുഞ്ചിരിക്കാൻ വൃഥാവിൽ യത്നിക്കെയാ-
ചെഞ്ചൊടികൾ വിതുമ്പുന്നു മൂകമായ്!

ഇല്ലവൾക്കു കരയുവാൻ പോലും-
തെല്ലു സ്വാതന്ത്ര്യ, മത്രമേൽ ഗാഢമായ്,
ബന്ധ്ധിതമാണാ പിഞ്ചുഹൃദയത്തിൻ
തന്ത്രികൾ, എന്റെ നോവും മനസുമായ്!

വാക്കു നൽകിപ്പോയ് ഞങ്ങൾ പരസ്പരം-
“ഇല്ല മേലിൽ കരയുകയില്ല നാം
നീരണിഞ്ഞ മിഴികളുമായിനി-
യാത്ര ചൊല്ലുവാൻ പാടില്ലൊരിക്കലും”

പൊന്നുമോളുടെ കണ്ണുനീർത്തുള്ളികൾ
അഗ്നിവർഷമായ് അമ്മയെ പൊള്ളിക്കും;
അമ്മയൊന്നു വിതുമ്പിയാൽ കണ്മണി-
ക്കില്ലശക്തിയാ, നൊമ്പരം താങ്ങുവാൻ!

ക്ഷണികമെങ്കിലുമീ ‍വിരഹം മുൾ-
മുനകളാഴ്ത്തിടുമീ ശരശയ്യയിൽ,
പിടയുമീ നിമിഷങ്ങളിൽ പോലുമെൻ
ഹൃദയതന്ത്രികൾ മൂളുന്നു മന്ദ്രമായ്’;

‘സ്നിഗ്ദ്ധമാധുര്യത്തേൻ തുളുമ്പീടുമീ
ബന്ധമെത്ര വിചിത്രമാണോർക്കുകിൽ;
സ്നേഹമെന്ന വികാരത്തിലൂറിടും
വേദന പോലുമെത്രമേൽ സുന്ദരം!!!’


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

20 അഭിപ്രായങ്ങൾ:

  1. മകളോടുള്ള വാല്‍സല്യം മനോഹരമായി വരഞ്ഞിട്ടിരിക്കുന്നു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. Dear sister,
    I can never write a poem like this. Your lines shows the pain of parting...
    congrats.
    Then what about my lines....
    I understood how inferior I am.
    Pl read my lines Obama vijayam written on Obaama"s g.ma's death a few days before his victory.
    www.manjalyneeyam.blogspot.com

    മറുപടിഇല്ലാതാക്കൂ
  3. വിരഹത്തിന്റെ വേദന..
    പതിവുപോലെ, സ്നേഹത്തില്‍ , വാത്സല്യത്തില്‍ ചാലിച്ച മനോഹരമായ വരികള്‍

    അഭിനന്ദനങ്ങള്‍ ചേച്ചീ

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. വല്ല്യമ്മായി,
    സന്ദർശിച്ചതിനും നല്ലവാക്കു പറഞ്ഞതിനും നന്ദി.! ഇനിയും വരുമല്ലോ.

    poor-me,
    അഭിനന്ദനത്തിനു നന്ദി!ഒബാമാവിജയം വായിച്ചു.നന്നായിരിക്കുന്നു!!സ്നേഹമുള്ളിടത്തെ വിരഹവേദനയുള്ളു.സ്നേഹത്തെയും വിരഹത്തെയുംസ്വയം മനസിലാക്കിയവർക്കു മാത്രമെ മറ്റൊരാളുടെ വിരഹവേദനയെക്കുറിച്ചു എഴുതാൻ കഴിയൂ!inferior ആണെന്നു ചിന്തിക്കേണ്ട ആവശ്യം ഇല്ലല്ലോ.വിനയം നല്ലതു തന്നെ!!

    ബഷീർ,
    നല്ലവാക്കുകൾക്കു നന്ദി!അഭിനന്ദനങ്ങൾ പ്രോത്സാഹനം തരുന്നു!നന്ദി!

    ലക്ഷ്മി,
    നല്ലവാക്കിനു നന്ദി!!ഇനിയും കാണാം!

    ഹാരിസ്,
    സന്ദർശിച്ചതിനു നന്ദി!

    മറുപടിഇല്ലാതാക്കൂ
  6. നല്ല അര്‍ത്ഥമുള്ള വരികള്‍...
    ഞാന്‍ പക്ഷെ,എല്ലാ തവണയും,വെക്കേഷന്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍,നല്ല അസ്സലായി മോങ്ങാറുണ്ട്.കരച്ചിലടക്കിപ്പിടിക്കാറുള്ള അമ്മയെ കരയിപ്പിക്കാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  7. സു,
    കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു !സന്ദർശിച്ചതിനു നന്ദി!
    സ്മിത,
    അമ്മയോടുള്ള സ്നേഹമാണ് ഒതുക്കാൻ പറ്റാത്ത ആ വിതുമ്പലിനു പിന്നിൽ. മനസിന്റെ ആ മൃദുത്വം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ!!അഭിനന്ദനത്തിനു നന്ദി!

    മറുപടിഇല്ലാതാക്കൂ
  8. കുഞ്ഞിനെ വിട്ടു പോകേണ്ടി വരുന്ന അമ്മയുടെ നൊംബരം പകര്‍ത്തിയിരിക്കുന്നത് ഹൃദയസ്പര്‍ശിയായി. ആ വിരഹം പെട്ടെന്നവസാനിക്കട്ടേ....

    മറുപടിഇല്ലാതാക്കൂ
  9. ഗീതാഗീതികൾ ,
    സന്ദർശിച്ചതിനും അഭിപ്രായം അറിയിച്ചതിനും ആശംസക്കും നന്ദി!
    നിഷ്കളങ്കൻ,
    സന്ദർശിച്ചതിനും ,അഭിപ്രായത്തിനും നന്ദി!

    മറുപടിഇല്ലാതാക്കൂ
  10. പൊന്നുമോളുടെ കണ്ണുനീർത്തുള്ളികൾ
    അഗ്നിവർഷമായ് അമ്മയെ പൊള്ളിക്കും;
    അമ്മയൊന്നു വിതുമ്പിയാൽ കണ്മണി-
    ക്കില്ലശക്തിയാ, നൊമ്പരം താങ്ങുവാൻ!

    ചേച്ചി എനിക്കെന്തോ ഈ വരികളില്‍ ഒരുപാടു വിഷമം തോന്നി. ചേച്ചി ആ വരികളില്‍ മാതൃസ്നേഹം ആവോളം വാരി വിതറിയിരിക്കുന്ന പോലെ തോന്നി. ഇനിയും എഴുതുവാന്‍ ഈശ്വരന്‍ ശക്തി തരട്ടെ

    മറുപടിഇല്ലാതാക്കൂ
  11. കുറുപ്പിന്റെ കണക്കുപുസ്തകം ,
    നന്ദി! കവിതയുടെ ആത്മാവാണ് ആ നാലു വരി.
    അത് ഇഷ്ടമായി എന്നറിയുന്നതിൽ
    സന്തോഷമുണ്ട്.നന്ദി!

    മറുപടിഇല്ലാതാക്കൂ
  12. ആദ്യമായാണ് ഞാനി ബ്ലോഗ് കാണുന്നത്. നല്ലവരികള്‍

    “പൊന്നുമോളുടെ കണ്ണുനീർത്തുള്ളികൾ
    അഗ്നിവർഷമായ് അമ്മയെ പൊള്ളിക്കും;
    അമ്മയൊന്നു വിതുമ്പിയാൽ കണ്മണി-
    ക്കില്ലശക്തിയാ, നൊമ്പരം താങ്ങുവാൻ!

    വളരെ വാസ്തവം!

    അഭിനന്ദനങ്ങള്‍ ചേച്ചീ

    മറുപടിഇല്ലാതാക്കൂ
  13. അപ്പു ,
    നന്ദി !സന്ദര്‍ശിച്ചതിനും അഭിനന്ദനം അറിയിച്ച തിനുംനന്ദി!

    മറുപടിഇല്ലാതാക്കൂ
  14. ആര്‍ദ്രഭാവങ്ങള്‍ മനസ്സു നിറയ്ക്കുന്നത്‌ എത്രയും നല്ല അനുഭവം തന്നെ.എല്ലാവരുടെയും മനസ്സിലുണ്ടാകട്ടെ സ്നേഹം.

    മറുപടിഇല്ലാതാക്കൂ