2008, സെപ്റ്റംബർ 28, ഞായറാഴ്‌ച
മുഖപടം
കണ്ണുനീരിൻ ഹിമകണം നെഞ്ചിലെ-
കുഞ്ഞിതൾത്തുമ്പിൽ വന്നു വീഴും വരെ,
ലോകമെന്തെന്നറിയാത്ത പാവമായ്,
കാലമൊത്തിരി പിന്നിട്ടു പോയി ഞാൻ.
ചന്ദ്രികയും ശലഭങ്ങളും നീല-
വിണ്ണിലെ കൊച്ചുതാരാഗണങ്ങളും
പൂക്കൾ തൻ മൃദുഗന്ധവും, തെന്നലിൻ,
നേർത്തരാഗവും മാത്രമാണോർമയിൽ.
കണ്ണുനീരും വിതുമ്പലും നൊമ്പര-
ത്തീയെരിയുംകരളിൻ കലമ്പലും
കണ്ടതില്ലെന്റെ കണ്മുമ്പിലന്നു ഞാൻ
കണ്ടതെല്ലാം തിളങ്ങുന്ന പൊൻ നിറം!
ഊർന്നു വീണു പൊടുന്നനെ മുന്നിലെ-
നേർത്ത കമ്പളം, പൂക്കൾ കൊഴിഞ്ഞു പോയ്,
പൊട്ടി വീണു കരളിലെ കമ്പികൾ,
നേർത്ത രാഗ മപശ്രുതി മാത്രമായ്!
കാളമേഘങ്ങൾ തിങ്ങി കറുത്തിരു-
ണ്ടാർത്താലച്ചു വിതുമ്പിയെൻ നെഞ്ചകം,
താരകങ്ങൾ മറഞ്ഞുപോയ് കൊള്ളിമീൻ
മാത്രമാണു വെളിച്ചം പകരുവാൻ!
ഇല്ല കണ്ണുനീരല്പവും ബാക്കിയെൻ-
നെഞ്ചിലിന്നു പുകയും കരിന്തിരി!
നൊന്തു നീറുന്നു മാനസം കൂരിരുൾ
കണ്ടു പേടിച്ചുഴലുകയാണു ഞാൻ!
ഇല്ലെനിക്കിന്നു നിദ്രയെൻ കണ്ണിമ-
കൂട്ടിയെന്നാൽ വികൃത സ്വപ്നങ്ങളായ്!
പൊട്ടുമെൻ കരൾ തേങ്ങിപ്പിടയവെ,
ഞെട്ടി ഞെട്ടിയുണർന്നു പോകുന്നു ഞാൻ!
എത്ര സ്നേഹിച്ചു ഞാനീ പ്രപഞ്ചത്തെ,
എത്ര സ്നേഹിച്ചു ഞാനെൻ സഹജരെ,
സ്നേഹമേറെ പകരം കൊതിച്ചു ഞാൻ-
നേടി ദു:ഖത്തിന്നിപ്പാനഭാജനം!
ബോദ്ധ്യമായെനിയ്ക്കിന്നീ പ്രപഞ്ചത്തി-
ലില്ല ഞാനിന്നു തേടുന്നനന്മകൾ!
സ്നേഹമെന്നു നിനച്ചതൊ വഞ്ചന
മൂടി വച്ച മുഖപടം മോഹനം!!!
~rose
Copyright © 2008 - rosebastin.blogspot.com. All rights reserved
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്ത് പറ്റി..?
മറുപടിഇല്ലാതാക്കൂനല്കിയതെല്ലാം കണക്കില്‍ മാത്രം ..
കണക്കു കൂട്ടിയതാണ് തെറ്റിയത് ..
നല്ല പോസ്റ്റ്
നിരാശവേണ്ട ചേച്ചീ..
മറുപടിഇല്ലാതാക്കൂനന്മ, സ്നേഹം ഇതൊന്നും മരിക്കില്ല..
എല്ലാ നന്മകളും നേരുന്നു
OT
pls remove word verification
'മുഖപടം' - ജീവിതത്തിന്റെ ക്രൂരമുഖം കണ്ടു പകച്ചു പോകുന്ന നിഷ്കളങ്കജീവിതങ്ങൾക്കു വേണ്ടിയുള്ള വിലാപമാണ്. സ്വന്തം ദു;ഖമല്ല, ചുറ്റുമുള്ള ജീവിതങ്ങളിലേക്ക്, അവരുടെ ദു:ഖകാരണങ്ങളീലേക്ക് , കണ്ണോടിക്കുന്ന സ്വഭാവം നേരത്തെ മുതൽ ഉണ്ടായിരുന്നതുകൊണ്ട് മിന്നുന്നതെല്ലാം പൊന്നാണെന്നു കരുതിയില്ല. അഗ്നിയിലേക്കു ചിറകു വിരിച്ചു പറക്കുന്ന ‘ഈയാം പാറ്റ'കൾ ചിറകു കരിഞ്ഞു വീഴുന്ന ദൃശ്യങ്ങളാണല്ലോ നമുക്കുചുറ്റിലും.
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങൾ അറിയിച്ചതിനു നന്ദിയുണ്ട്. ഇനിയും എഴുതുമെന്നു കരുതുന്നു.