2008, നവംബർ 22, ശനിയാഴ്‌ച

വിരഹം


കണ്ണുനീരിന്റെ നേർത്ത മറയിലൂ-
ടൊന്നുകൂടി തിരിഞ്ഞു ഞാൻ നോക്കവെ
കണ്ടു ,ഞാനെന്റെ പ്രാണന്റെ പ്രാണനിൽ,
രോമഹർഷമായ് പൂത്തൊരാ തൂമുഖം!

നിർന്നിമേഷമാ സ്നിഗ്ദ്ധനേത്രങ്ങളിൽ
നിന്നലയ്ക്കുകയാണൊരു സാ‍ഗരം!
വാക്കുകൾക്കു പകർത്തുവാനാകാത്ത
നൊമ്പരങ്ങൾ തൻ വൻ തിരച്ചാർത്തുകൾ!

അമ്മ തൻ മൃദു വാത്സല്യധാരയ്ക്കായ്,
വെമ്പി വെമ്പിക്കുതിക്കുമാ മാനസം
അമ്മ തൻ കരലാളന സ്പർശത്തിൻ,
നിർവൃതിക്കായ് കൊതിക്കുമാ പൂവുടൽ;

നിൽക്കുകയാണു നിശ്ചലം നൊമ്പര-
ശില്പമായ് ശിലാവിഗ്രഹമെന്നപോൽ!
പുഞ്ചിരിക്കാൻ വൃഥാവിൽ യത്നിക്കെയാ-
ചെഞ്ചൊടികൾ വിതുമ്പുന്നു മൂകമായ്!

ഇല്ലവൾക്കു കരയുവാൻ പോലും-
തെല്ലു സ്വാതന്ത്ര്യ, മത്രമേൽ ഗാഢമായ്,
ബന്ധ്ധിതമാണാ പിഞ്ചുഹൃദയത്തിൻ
തന്ത്രികൾ, എന്റെ നോവും മനസുമായ്!

വാക്കു നൽകിപ്പോയ് ഞങ്ങൾ പരസ്പരം-
“ഇല്ല മേലിൽ കരയുകയില്ല നാം
നീരണിഞ്ഞ മിഴികളുമായിനി-
യാത്ര ചൊല്ലുവാൻ പാടില്ലൊരിക്കലും”

പൊന്നുമോളുടെ കണ്ണുനീർത്തുള്ളികൾ
അഗ്നിവർഷമായ് അമ്മയെ പൊള്ളിക്കും;
അമ്മയൊന്നു വിതുമ്പിയാൽ കണ്മണി-
ക്കില്ലശക്തിയാ, നൊമ്പരം താങ്ങുവാൻ!

ക്ഷണികമെങ്കിലുമീ ‍വിരഹം മുൾ-
മുനകളാഴ്ത്തിടുമീ ശരശയ്യയിൽ,
പിടയുമീ നിമിഷങ്ങളിൽ പോലുമെൻ
ഹൃദയതന്ത്രികൾ മൂളുന്നു മന്ദ്രമായ്’;

‘സ്നിഗ്ദ്ധമാധുര്യത്തേൻ തുളുമ്പീടുമീ
ബന്ധമെത്ര വിചിത്രമാണോർക്കുകിൽ;
സ്നേഹമെന്ന വികാരത്തിലൂറിടും
വേദന പോലുമെത്രമേൽ സുന്ദരം!!!’


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008, നവംബർ 8, ശനിയാഴ്‌ച

.:: ശൈശവ ചിന്തകൾ ::.


പൊൻ വെയിൽ പൂക്കളം തീർക്കുന്നമുറ്റത്തു-
തുമ്പികളായിരം പാറിപ്പറക്കവേ,
ഓർമ്മ തന്നേടുകൾ പിന്നോട്ടു പോകുന്നൊ-
രോമനച്ചിത്രം ചുരുൾനിവരുന്നു!

തുമ്പിക്കു പിന്നാലെ വെമ്പിക്കുതിക്കുന്നൊ-
രുണ്ണിക്കിടാവിന്റെ കൊഞ്ചൽക്കിലുക്കവും,
ഓടിക്കിതച്ചു വിയർത്തൊരിളം കവിൾ-
പൂവിൽ തുടുക്കുന്ന കുങ്കുമ സന്ധ്യയും,

കെട്ടിപ്പിടിക്കുന്നൊ രോമന ക്കൈകൾതൻ-
പൂമൃദുസ്പർശവുമോർക്കുകയാണു ഞാൻ!
വർഷങ്ങളെത്ര കടന്നു പോയെങ്കിലും-
ഹർഷം വിടരുന്നിതിപ്പൊഴു മോർമയിൽ!

ഓടിവന്നെന്റെ കഴുത്തിൽ കരം ചുറ്റി
ഓതുകയാണൊരു കുഞ്ഞു സ്വകാര്യം!
‘അമ്മയില്ലാത്തൊരു തുമ്പിക്കുരുന്നിനെ-
ഉണ്ണിക്കു സ്വന്തമായ് വേണമത്രേ’!

അമ്മയില്ലാത്തൊരു തുമ്പിയോ? എന്തിനെ-
ന്നമ്മതൻ വിസ്മയം തീർക്കുവാനായ്,
വാചാലനാകുന്നൊരോമലിൻ വാക്കുകൾ-
കേൾക്കവേ ചിത്തം കുളിർത്തു പോയി!

“അമ്മയുണ്ടെങ്കിൽ തൻ തുമ്പിക്കുരുന്നിനെ–
കാണാതെ വന്നാൽ കരയുകില്ലേ?
അമ്മകരയുന്നതോർക്കുമ്പൊഴക്കൊച്ചു-
തുമ്പിക്കും സങ്കടമാവുകില്ലേ?
അമ്മക്കും കുഞ്ഞിനും സങ്കടം നൽകിക്കൊ-
ണ്ടുണ്ണിക്കു തുമ്പിയെ വേണ്ടപോലും!

തൻ കൊച്ചുമോഹങ്ങൾ തൻ സഹജീവിക്കു-
ദു:ഖത്തിൻ കാരണമാകുമെങ്കിൽ
ആ മോഹമൊക്കെയും വേണ്ടെന്നു വെക്കയാ-
ണാരോമൽ പൈതലിന്നിഷ്ടമത്രെ!

എത്ര വിശാലമിതെത്രക്കുമുന്നത-
മെത്രക്കു ദൈവിക മെത്ര ധന്യം!
ദൈവം വസിക്കുന്നൊരുണ്ണിമനസിന്റെ-
വിശ്വസാഹോദര്യസ്നേഹമന്ത്രം!!!

സ്വാ‍ർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-
സ്വന്തം സഹജരെ കൊന്നൊടുക്കും,
ദുഷ്ടലോകത്തിനീ ‘ശൈശവ ചിന്തകൾ’-
സ്വായത്തമാക്കാൻ കഴിഞ്ഞുവെങ്കിൽ!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved