2008, സെപ്റ്റംബർ 28, ഞായറാഴ്‌ച
മുഖപടം
കണ്ണുനീരിൻ ഹിമകണം നെഞ്ചിലെ-
കുഞ്ഞിതൾത്തുമ്പിൽ വന്നു വീഴും വരെ,
ലോകമെന്തെന്നറിയാത്ത പാവമായ്,
കാലമൊത്തിരി പിന്നിട്ടു പോയി ഞാൻ.
ചന്ദ്രികയും ശലഭങ്ങളും നീല-
വിണ്ണിലെ കൊച്ചുതാരാഗണങ്ങളും
പൂക്കൾ തൻ മൃദുഗന്ധവും, തെന്നലിൻ,
നേർത്തരാഗവും മാത്രമാണോർമയിൽ.
കണ്ണുനീരും വിതുമ്പലും നൊമ്പര-
ത്തീയെരിയുംകരളിൻ കലമ്പലും
കണ്ടതില്ലെന്റെ കണ്മുമ്പിലന്നു ഞാൻ
കണ്ടതെല്ലാം തിളങ്ങുന്ന പൊൻ നിറം!
ഊർന്നു വീണു പൊടുന്നനെ മുന്നിലെ-
നേർത്ത കമ്പളം, പൂക്കൾ കൊഴിഞ്ഞു പോയ്,
പൊട്ടി വീണു കരളിലെ കമ്പികൾ,
നേർത്ത രാഗ മപശ്രുതി മാത്രമായ്!
കാളമേഘങ്ങൾ തിങ്ങി കറുത്തിരു-
ണ്ടാർത്താലച്ചു വിതുമ്പിയെൻ നെഞ്ചകം,
താരകങ്ങൾ മറഞ്ഞുപോയ് കൊള്ളിമീൻ
മാത്രമാണു വെളിച്ചം പകരുവാൻ!
ഇല്ല കണ്ണുനീരല്പവും ബാക്കിയെൻ-
നെഞ്ചിലിന്നു പുകയും കരിന്തിരി!
നൊന്തു നീറുന്നു മാനസം കൂരിരുൾ
കണ്ടു പേടിച്ചുഴലുകയാണു ഞാൻ!
ഇല്ലെനിക്കിന്നു നിദ്രയെൻ കണ്ണിമ-
കൂട്ടിയെന്നാൽ വികൃത സ്വപ്നങ്ങളായ്!
പൊട്ടുമെൻ കരൾ തേങ്ങിപ്പിടയവെ,
ഞെട്ടി ഞെട്ടിയുണർന്നു പോകുന്നു ഞാൻ!
എത്ര സ്നേഹിച്ചു ഞാനീ പ്രപഞ്ചത്തെ,
എത്ര സ്നേഹിച്ചു ഞാനെൻ സഹജരെ,
സ്നേഹമേറെ പകരം കൊതിച്ചു ഞാൻ-
നേടി ദു:ഖത്തിന്നിപ്പാനഭാജനം!
ബോദ്ധ്യമായെനിയ്ക്കിന്നീ പ്രപഞ്ചത്തി-
ലില്ല ഞാനിന്നു തേടുന്നനന്മകൾ!
സ്നേഹമെന്നു നിനച്ചതൊ വഞ്ചന
മൂടി വച്ച മുഖപടം മോഹനം!!!
~rose
Copyright © 2008 - rosebastin.blogspot.com. All rights reserved
2008, സെപ്റ്റംബർ 13, ശനിയാഴ്‌ച
മംഗളാശംസ
പിറന്നാളാണിന്നെന്റെ പ്രാണനിൽ കിളിർത്തൊരു-
നറുതേൻ മലരിന്റെ പിറന്ന നാളാണിന്ന്;
മറക്കാനൊരിക്കലുമാകാത്ത സ്മരണകൾ,
മനസിൽ വിടരുന്നു മധുരം കിനിയുന്നു.
എത്രയോ വസന്തങ്ങൾക്കപ്പുറം ഇതു പോലെ-
ചിതപൂർണിമ ചിരി തൂകിയ രജനിയിൽ,
കൈവിരൽ കുടിക്കുമെൻ കണ്മണി കൺപൂട്ടിയെൻ-
കൈകളിലിളം പൂവിൻ ദളം പോൽ മയങ്ങവെ,
കനവിലിളം ചുണ്ടിൽ പുഞ്ചിരി പൊടിയവെ,
കരയാൻ വിതുമ്പിയാ പൂങ്കവിൾ തുടുക്കവെ,
ചിരിയും കരച്ചിലും കരളിൽ വിതുമ്പിയെൻ-
ഹൃദയചഷകത്തിൽ നറുതേൻ കിനിഞ്ഞുപോയ്!
ചിരിച്ചും ചിരിപ്പിച്ചും കരഞ്ഞും കരയിച്ചും-
വർഷങ്ങൾ പലവട്ടം വന്നു പോയ് കാലം മാറി
കാലമാം കലാകാരൻ കൈവിരൽതുമ്പാൽ സ്വയം-
ചാലിച്ച ചായക്കൂട്ടിൽ വർണങ്ങൾ അഴകാർന്നു.
സ്വപ്നങ്ങൾ ചായം പൂശും ചക്രവാളങ്ങൾ തേടി,
പക്ഷങ്ങൾ വിടർത്തുമീ ശലഭം കുതി കൊൾകെ;
ജീവിതവസന്തത്തിൻ ചാരുത മാത്രം കാണും
ഈ മിഴിയിണയിലെ ഹർഷ ബാഷ്പങ്ങൾകാൺകെ,
ചിരിയും കരച്ചിലുമൊരിക്കൽ കൂടി ഇന്നെൻ-
കരളിൽവിതുമ്പുന്നു കരയാൻ വെമ്പുന്നു ഞാൻ!
പിറന്നാൾ മധുരത്തിലമൃതം കലർത്തിക്കൊ-
ണ്ടായിരമാശംസകൾ വർഷമായ് പൊഴിയുന്നു!.
വിടരും വസന്തങ്ങൾക്കപ്പുറം ശിശിരവും-
വർഷവും കൊടുംവേനൽ താപവും കൊരുത്തിടും,
ജീവിതചക്രത്തിന്റെ ഗതിയെ തടുക്കുവാ-
നായെങ്കിൽ വസന്തങ്ങൾ മാത്രമായ് വിടർന്നെങ്കിൽ!!!
~rose
Copyright © 2008 - rosebastin.blogspot.com. All rights reserved
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)