ചെറുതെന്നൽ കുളിരും
ഇളവെയിലഴകും
ചെറുകിളിക്കൊഞ്ചലും
മയിൽപീലിച്ചന്തവും
ഒരുമിച്ചു ചേർന്നെന്റെ
അരികിൽ നിൽക്കുന്നു
ഒരു ചെറുപൈതലായ്
നിറതിങ്കളായ്!
തേൻചോരി വായിൽ
കിലുങ്ങുന്ന കൊഞ്ചൽ
പൂങ്കവിൾതട്ടിൽ
പുഞ്ചിരിപ്പൂക്കൾ
വാക്കുകളില്ലാ-
കളകളം പാട്ടുകൾ
വാശിക്കുരുന്നിൻ
കിണുങ്ങലുകൾ
കുട്ടിക്കുറുമ്പുകൾ
കുഞ്ഞുകുസൃതികൾ
കുഞ്ഞിളം ചുണ്ടിലെ
പൊന്നുമ്മകൾ!
പേരക്കിടാവിന്റെ
പേലവസ്പർശത്തിൽ
ലോകം മറക്കുന്നു
ശോകങ്ങൾ മായുന്നു
ജീവിത സായാന്ഹം
ശാരദാകാശമായ്
കുഞ്ഞു നക്ഷത്രങ്ങൾ
കണ്ണുചിമ്മുന്നു
എത്രക്കു കോമള-
മീസ്വപ്ന സായൂജ്യ-
മെത്രമനോജ്ഞമീ
ജന്മപുണ്യം!
"ലോകാസമസ്താ
സുഖിനോഭവന്തു" വെ-
ന്നെപ്പോഴോ നേർന്നൊ-
രനുഗ്രഹമൊക്കെയും
ഒരുമിച്ചു ചേർത്തിന്നു
തിരികെത്തരുന്നു
ഒരു നൂറിരട്ടിയായ്
ജഗദീശ്വരൻ!
ഹർഷബാഷ്പങ്ങളാൽ
കാണിക്കയർപ്പിച്ചു
ചൊല്ലുന്നു ഞാനീ
കൃതജ്ഞതാ സ്തോത്രം!
കുഞ്ഞരിപ്പല്ലുകൾ
കാട്ടിക്കൊതിപ്പിക്കും
ഈ നറുംപുഞ്ചിരി
മായാതിരിക്കുവാൻ
ജീവിതപ്പാതയിൽ
വീഴാതിടറാതെ
ഈ പിഞ്ചുകാലടി
നേരെ നയിക്കുവാൻ
കാത്തു കൊൾകെൻ
ജഗദീശ്വരാ നിൻകരം
ചേർത്തു പിടിക്കുകീ
പിഞ്ചുകരങ്ങളിൽ!!!
ഹൃദ്യമായ വായന.,,
മറുപടിഇല്ലാതാക്കൂഇഷ്ടമായി.
ഈ വഴിയെ പുതിയ ആളാണ് അനുഗ്രഹിക്കണം.
ആശംസകൾ! ആദി :) അഭിപ്രായത്തിനു നന്ദി!
മറുപടിഇല്ലാതാക്കൂതലക്കെട്ട് പോലെ ആസ്വാദ്യമായ വായനയും.ആശംസകൾ !!!!
മറുപടിഇല്ലാതാക്കൂ