2009, നവംബർ 14, ശനിയാഴ്‌ച

വിലാപം


ഭൂമീമാതാവു വിലപിക്കുന്നു…!

എന്റെ ഹൃദയം ദു:ഖഭരിതമാണ്
എന്റെ സ്വപ്നങ്ങൾ
തകര്‍ന്നടിഞ്ഞിരിക്കുന്നു!
എന്റെ മക്കൾ
അധര്‍മ്മികളായിരിക്കുന്നു!
ജീവിതമൂല്യങ്ങൾ
കൈമോശം വന്നു
പണം ദൈവമായി
കാപട്യം മുഖമുദ്രയായി
കുടുംബ ബന്ധങ്ങൾ
അനാവശ്യ ബന്ധനങ്ങളായി
സ്നേഹം
തേൻ പുരട്ടിയ
കപടവാക്കുകളിലും
അര്‍ത്ഥശൂന്യമായ
ഉപചാരവാക്കുകളുടെ
കോലാഹലങ്ങളിലും
ഒതുങ്ങി!
ജീവിതം
സങ്കീര്‍ണ്ണവും
വിഷലിപ്തവുമായി!

മനുഷ്യന്റെ മനസ്സു മരിച്ചു; ആത്മാവും!
ശരീരവും അതിന്റെ
ഒരിക്കലും അവസാനിക്കാത്ത
ആര്‍ത്തികളും നിറഞ്ഞ
ഒരു വേട്ടക്കാരന്‍ മാത്രമായി
മനുഷ്യൻ!
സഹജീവികൾ അവന്റെ
ഇരകൾ മാത്രം!

ഏതു വലയിൽ
ഏതു കത്തിമുനയിൽ
ഏതു കെണിയിൽ
ഏതു ചതിക്കുഴിയിൽ
സ്വന്തം ജീവനും സ്വത്തും
അഭിമാനവും ഹോമിക്കപ്പെടും
എന്നഭീതിയിൽ
നിസഹായരും നിഷ്കളങ്കരും
വിറകൊള്ളുന്നു
അവരുടെ കുഞ്ഞുമക്കളെ
ഏതൊക്കെയൊ കഴുകൻ കണ്ണുകൾ
വട്ടമിടുന്നു
വേലിതന്നെ വിളവു തിന്നുമ്പോൾ
ആരെ കാവൽഏല്പ്പിക്കും?

അധര്‍മ്മത്തിന്റെ വിളയാട്ടം
സര്‍വ്വനാശത്തിലേയ്ക്കുള്ള
കുതിച്ചോട്ടമാണ്
എന്നറിയാവുന്നവരുടെ,
യുഗങ്ങള്‍ക്ക് അപ്പുറത്തേക്കും
ഇപ്പുറത്തേക്കും
കണ്ണോടിക്കാൻ കഴിവുള്ള
ജ്ഞാനികളുടെ മുന്നറിയിപ്പുകൾ
വിജ്ഞാനികളെന്നഭിമാനിക്കുന്നവർ
പുഛിച്ചു തള്ളുന്നു

ജീവിതത്തെ നേരെ നയിക്കുന്ന
ലിഖിതവുംഅലിഖിതവുമായ
നിയമങ്ങൾ മറക്കുമ്പോള്‍
ജീവിതം തലകീഴായ് മറിയും!
ആരും സാന്ത്വനിപ്പിക്കാനില്ലാതെ,
കണ്ഠത്തിൽ ഞെരിഞ്ഞമരുന്ന
നിലവിളിക്ക്
ആരും കാതോര്‍ക്കാനില്ലാതെ,
ഊര്‍ന്നു വീഴുന്ന അവരുടെ
ജീവനെ ഓര്‍ത്ത്
ആരും ഖേദിക്കാനില്ലാതെ,
നിസഹായരും ഒറ്റപ്പെട്ടവരുമായി
മരണമെന്ന മഹാഗുരുവിനു മുന്നിൽ
പകച്ചു നില്ക്കുമ്പോൾ,
അളന്നു കൊടുക്കുന്നതെല്ലാം
നൂറിരട്ടിയായി
തിരിച്ചളക്കപ്പെടുമെന്നസത്യം
അവർ മനസിലാക്കും
അപ്പോഴാകട്ടെ ആ അറിവ് നിഷ്ഫലവും!

അസമാധാനത്തിന്റെ കാറ്റു വിതച്ച്
കൊടുങ്കാറ്റു കൊയ്യാൻ
കാത്തിരിക്കുന്ന
എന്റെ മക്കളുടെ അജ്ഞതയോര്‍ത്ത്
ഹൃദയം പൊട്ടിയൊഴുകുന്ന
നൈരാശ്യത്തിന്റെ ലാവയിൽ
ഞാൻവെന്തുരുകുന്നു
ആളിപ്പടരുന്ന
ദു:ഖത്തിന്റെ കൊടുംതീയിൽ
എന്റെ സമാധാനത്തിന്റെ മഞ്ഞുരുകുന്നു
സര്‍വ്വവും തകര്‍ക്കുന്ന കൊടുങ്കാറ്റ്
എന്റെ അന്തരംഗത്തിൽ
രൂപം കൊള്ളുന്നു!

നൂറുമക്കൾ മരിച്ച
ഗാന്ധാരി
കൃഷ്ണനെ ശപിച്ചു;
ഞാൻ ആരെയാണു ശപിക്കുക?
സ്വയംകൃതാനർത്ഥത്തിൽ നശിക്കുകയും
നശിപ്പിക്കുകയുംചെയ്യുന്ന
ജനകോടികള്‍ക്കു ജന്മം നല്‍കിയതിനു ഞാൻ
എന്നെത്തന്നെ ശപിക്കട്ടെ!


Copyright © 2009 - rosebastin.blogspot.com. All rights reserved

4 അഭിപ്രായങ്ങൾ:

  1. പണ്ടും ആളുകള്‍ ഇതേ കാരണങള്‍‌ പറഞു കരഞിരുന്നു..ഇന്നും...എന്നും അതു തുടരും

    മറുപടിഇല്ലാതാക്കൂ
  2. വിലപിയ്ക്കാന്‍ മാത്രം
    വിധിയ്ക്കപ്പെട്ടവര്‍ ആണല്ലോ നാം
    എന്നും അങ്ങനെ ആയിരിയ്ക്കുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  3. ഒന്നുകൂടി കവിതയിലേക്ക് ഒതുക്കാമായിരുന്നു!

    മറുപടിഇല്ലാതാക്കൂ
  4. poor-me/പാവം-ഞാന്‍,
    ഷൈജു കോട്ടാത്തല,
    ശരിയാണ്, എല്ലാകാലവും ഒരുപോലെ തന്നെ!
    Ranjith chemmad,
    ഉചിതമായനിര്ദ്ദേശത്തിനു നന്ദി!

    മറുപടിഇല്ലാതാക്കൂ