തന്റെ മുന്‍പിലെ
വിശാലമായ ക്യാൻവാസിൽ
പരന്നു കിടക്കുന്ന
പ്രപഞ്ചത്തിന്റെ
ചിത്രംനോക്കി
വിധാതാവു നെടുവീര്‍പിട്ടു
പ്രപഞ്ചഹൃദയമായ ഭൂമി
മനുഷ്യപാപത്തിന്റെ കൊടുംചൂടിൽ
വരണ്ടിരിക്കുന്നു
ദുഷിച്ചഹൃദയം
പ്രപഞ്ചശരീരത്തിന്റെ
താളം തെറ്റിക്കുന്നു!
അഴുക്കും കറയും
തുരുമ്പും കൃമി കീടങ്ങളും
നിറഞ്ഞ
നിറം മങ്ങി രൂപം മാറിയ
വൃത്തിഹീനമായ
താളം തെറ്റിയ
ലക്ഷ്യം മറന്ന
തന്റെ സൃഷ്ടിയെ
അവിടെ കണ്ട്
അവിടുന്നു അതൃപ്തനായി!
കാലത്തിന്റെ ചങ്ങലക്കണ്ണിയിൽ
എന്നോ കൊരുത്തിട്ട
അനിവാര്യമായ
സര്‍വ്വനാശത്തിന്റെ നിമിഷം
ആസന്നമായി എന്ന്
അവിടുന്നറിഞ്ഞു
അഹന്ത നിറഞ്ഞ മനുഷ്യവര്‍ഗ്ഗം
താറുമാറാക്കിയ പ്രപഞ്ച ചിത്രം
ഒരറ്റംമുതൽചുരുട്ടിയെടുത്ത്
വലിച്ചുകീറി
ദൂരെ എറിയവെ
ഭയാനകമായ
ഒരു നിലവിളി
അണ്ഡകടാഹങ്ങളിൽ തട്ടി
പ്രതിദ്ധ്വനിക്കുന്നത്
അവിടുന്നു കേട്ടു!
പുതിയൊരു ക്യാന്‍വാസ്!
സ്നേഹം വരണ്ടു പോകാത്ത
നിത്യഹരിതമായ
ജീവൻ തുടിക്കുന്ന
ഒരു ഹൃദയം!
ഒരു പുതിയ ഭൂമി!
പുതിയ ആകാശം!
പുതിയ സൌരയൂഥങ്ങൾ!
നക്ഷത്രക്കൂട്ടങ്ങൾ!
ഹാ! മനോഹരം!
പുതിയ ബ്രഷും ചായക്കൂട്ടുമായി
അവിടുന്നു രചനയിൽ മുഴുകി...
Copyright © 2009 - rosebastin.blogspot.com. All rights reserved