2016 മാർച്ച് 28, തിങ്കളാഴ്‌ച

സായൂജ്യം



ചെറുതെന്നൽ കുളിരും
ഇളവെയിലഴകും
ചെറുകിളിക്കൊഞ്ചലും
മയിൽപീലിച്ചന്തവും
ഒരുമിച്ചു ചേർന്നെന്റെ
അരികിൽ നിൽക്കുന്നു
ഒരു ചെറുപൈതലായ്
നിറതിങ്കളായ്!

തേൻചോരി വായിൽ
കിലുങ്ങുന്ന കൊഞ്ചൽ
പൂങ്കവിൾതട്ടിൽ
പുഞ്ചിരിപ്പൂക്കൾ
വാക്കുകളില്ലാ-
കളകളം പാട്ടുകൾ
വാശിക്കുരുന്നിൻ
കിണുങ്ങലുകൾ
കുട്ടിക്കുറുമ്പുകൾ
കുഞ്ഞുകുസൃതികൾ
കുഞ്ഞിളം ചുണ്ടിലെ
പൊന്നുമ്മകൾ!

പേരക്കിടാവിന്റെ
പേലവസ്പർശത്തിൽ
ലോകം മറക്കുന്നു
ശോകങ്ങൾ മായുന്നു
ജീവിത സായാന്ഹം
ശാരദാകാശമായ്
കുഞ്ഞു നക്ഷത്രങ്ങൾ
കണ്ണുചിമ്മുന്നു
എത്രക്കു കോമള-
മീസ്വപ്ന സായൂജ്യ-
മെത്രമനോജ്ഞമീ
ജന്മപുണ്യം!

"ലോകാസമസ്താ
സുഖിനോഭവന്തു" വെ-
ന്നെപ്പോഴോ നേർന്നൊ-
രനുഗ്രഹമൊക്കെയും
ഒരുമിച്ചു ചേർത്തിന്നു
തിരികെത്തരുന്നു
ഒരു നൂറിരട്ടിയായ്
ജഗദീശ്വരൻ!
ഹർഷബാഷ്പങ്ങളാൽ
കാണിക്കയർപ്പിച്ചു
ചൊല്ലുന്നു ഞാനീ
കൃതജ്ഞതാ സ്തോത്രം!

കുഞ്ഞരിപ്പല്ലുകൾ
കാട്ടിക്കൊതിപ്പിക്കും
ഈ നറുംപുഞ്ചിരി
മായാതിരിക്കുവാൻ
ജീവിതപ്പാതയിൽ
വീഴാതിടറാതെ
ഈ പിഞ്ചുകാലടി
നേരെ നയിക്കുവാൻ
കാത്തു കൊൾകെൻ
ജഗദീശ്വരാ നിൻകരം
ചേർത്തു പിടിക്കുകീ
പിഞ്ചുകരങ്ങളിൽ!!!

2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

ദാവീദും സോളമനും പിന്നെ എന്റെ റീമിക്സും


ദൈവഭക്തനായ പുരുഷന്‍ ഉത്തമനത്രെ
അവന്‍ സൂര്യനെപ്പോലെ
തന്റെ ഉത്തരവാദിത്വങ്ങളുടെമേല്‍
ദൃഷ്ടി പതിച്ചിരിക്കുന്നു

അവന്‍
നീതിയ്ക്കു വേണ്ടിനിലകൊള്ളുന്നു
സ്വന്തം സുഖത്തെയോര്‍ത്ത്
അവന്‍ വേവലാതി കൊള്ളുന്നില്ല

അലസഗമനങ്ങളൊ
കുടില ഭാഷണങ്ങളൊ
അവന്റെ ദിനചര്യകളിലില്ല
ദുഷിച്ച കൂട്ടുകെട്ടുകളൊ
ലഹരിപദാര്‍ത്ഥങ്ങളോ
അവനെ ഉന്മത്തനാക്കുന്നില്ല

എങ്കിലും അവന്‍ ആനന്ദഭരിതന്‍
അവന്റെ ആനന്ദം
സ്വന്തം ഗൃഹത്തിലാണ്,
അന്യന്റെ പടിവാതില്‍ക്കലല്ല
സ്വഗൃഹത്തില്‍ അവനെ കാത്തിരിയ്ക്കുന്ന
ഒരു വാനമ്പാടിയുണ്ട്

ദൈവഭക്തനുള്ള സമ്മാനം
ഉത്തമയായ ഭാര്യ
അവള്‍
ശരത്കാലചന്ദ്രികപോലെ
അവന്റെ ഹൃദയത്തെ
നുനുത്ത പ്രകാശത്താല്‍ നിറയ്ക്കുന്നു

അവള്‍
തന്റെ കളകണ്ഠത്തില്‍നിന്നുയരുന്ന
സംഗീതത്താല്‍
അവനെ സന്തോഷിപ്പിക്കുന്നു
അനവദ്യങ്ങളായ
ഭോജ്യപേയങ്ങളാല്‍
അവനെ സന്തുഷ്ടനാക്കുന്നു

അവന്റെ ഹൃദയം
അവളില്‍ നിക്ഷേപിച്ചിരിക്കുന്നു
അവള്‍ ചന്തമുള്ളൊരു മാന്‍പേട
ചുറുചുറുക്കുള്ള സുന്ദരി

അവള്‍
ഗൃഹത്തില്‍ മുന്തിരിവള്ളിപോലെ
അവളുടെ മക്കള്‍
മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍ പോലെ

അവള്‍
അഹങ്കാരംകൊണ്ടു ഹാരമണിയുന്നില്ല
ബോറടി മാറ്റാന്‍
ബോയ്ഫ്രെണ്ട്സിനെ തേടി അലയുന്നില്ല
കുടുംബരഹസ്യങ്ങള്‍
അന്യരുടെ കാതുകളില്‍ പകരുന്നില്ല

അവളുടെ ബെസ്റ്റ്ഫ്രണ്ട് അവന്‍ തന്നെ
അവന്റെ ബെസ്റ്റ്ഫ്രെണ്ട് അവളും
അവരുടെ ലോകം ഒന്ന്
അവരുടെ ഹൃദയങ്ങള്‍ ഒന്ന്‍

അവരുടെ ഭവനം
ദൈവസ്തുതികള്‍ അലയടിക്കുന്ന
ഒരു ദേവാലയം
അവിടെ സംഗീതവും നൃത്തവും
പൊട്ടിച്ചിരികളും നിറഞ്ഞിരിക്കുന്നു

അവരുടെ പ്രാര്‍ത്ഥനകള്‍
അനന്തതയിലേക്കുയരുമ്പോള്‍
അനുഗ്രഹങ്ങള്‍
നറുമലരായ് പൊഴിയുന്നു

ഇതു ദൈവം വസിക്കുന്ന കുടുംബം!
ദൈവം വിഭാവനം ചെയ്ത കുടുബം!!
ഭൂമിയില്‍ സ്വര്‍ഗ്ഗം വിരചിക്കുന്ന കുടുംബം!!!


2012 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ബൂമറാങ്



ശാസ്ത്രം പറഞ്ഞു -
ഓരോ പ്രവര്‍ത്തനത്തിനും
തുല്ല്യമായ പ്രതിപ്രവര്‍ത്തനമുണ്ട്!

മതങ്ങള്‍ പറഞ്ഞു -
കര്‍മ്മഫലം അനിവാര്യം‌‌
വിതച്ചതൊക്കെയും
നൂറിരട്ടി കൊയ്തേ മതിയാകു!

ജ്ഞാനികള്‍ പറഞ്ഞു -
വിചാരങ്ങളും വാക്കുകളുംപ്രവര്‍ത്തികളും
സൃഷ്ടിക്കുന്ന വൈബ്രേഷന്സ്,
ഒരേ ഫ്രീക്വന്‍സിയിലുള്ളവ
ഒരുമിച്ചു ചേര്‍ന്ന്
എന്നെങ്കിലും ഒരിയ്ക്കല്‍
ഉത്ഭവസ്ഥാനത്തേക്കുക്കുതിരിച്ച് വരും!

എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത
മനുഷ്യന്‍ അന്യനെതിരെ
കൂരമ്പുകള്‍ തൊടുത്തുകൊണ്ടേയിരിക്കുന്നു-

തന്നിലേക്കുതന്നെ തിരിച്ചുവരാന്‍ വേണ്ടി!!!




2011 നവംബർ 10, വ്യാഴാഴ്‌ച

ആമ




ഗാഢ മൌനത്തിന്റെ ഇരുട്ടില്‍
പഞ്ചേന്ദ്രിയങ്ങളെ അടക്കി
നിസംഗതയുടെ പുറന്തോടിനുള്ളിലൊളിച്ച്
മയക്കത്തിലാണ്ട് ആമ

സഹജവാസനയാല്‍
ഏതൊ ഒരു നിമിഷത്തില്‍
നിസംഗതയുടെ
പുറന്തോടിനുള്ളില്‍ നിന്നും
പുറത്തേയ്ക്കു തലനീട്ടി

കത്തുന്ന വെയില്‍
ചോര മണക്കുന്ന കാറ്റിന്റെ ഇരമ്പം
ഓടിത്തളര്‍ന്ന ഇരകളുടെ നിലവിളി
വേട്ടക്കാരുടെ കുതിപ്പും കിതപ്പും

തലയും കൈകാലുകളും
ഉള്ളിലേയ്ക്കു വലിച്ച്
മൌനത്തിന്റെ അഗാധതയിലേക്ക്
ആണ്ടിറങ്ങുമ്പോള്‍
മനസ്സു മന്ത്രിച്ചു

നിഷ്ക്രിയത്വത്തിന്റെ
നിസ്സഹായതയില്‍
അശാന്തിയുടെ
നെരിപ്പോടിനുള്ളില്‍
വെന്തുരുകുന്നതിനെക്കാള്‍
ഭേദം ഇതാണ്

ഈ ഇരുട്ട്
ഈ മൌനം
ഒന്നും കാണാതെ
ഒന്നും കേള്‍ക്കാതെ
ഈപുറന്തോടിനുള്ളില്‍... തലപൂഴ്ത്തി...


Copyright © 2011 - rosebastin.blogspot.com. All rights reserved except for the image.
Image source here

2010 ജൂൺ 27, ഞായറാഴ്‌ച

രൂപാന്തരങ്ങൾ



കാറ്റിൽ ഉലഞ്ഞാടി
കളിച്ചു തിമിര്‍ക്കുന്ന
ഇളം തൈകൾപോലെ
മധുരിക്കുന്ന സൌഹൃദങ്ങളിൽ
കൈകോര്‍ത്ത്
മനുഷ്യന്റെ
ശൈശവവും ബാല്ല്യവും
മൃദുലം, നിഷ്കളങ്കം!

പച്ചിലകൾ നിറഞ്ഞ്
പൂക്കളുതിര്‍ത്ത്
സുഗന്ധം വിതറി
ചില്ലകളിൽ
കിളിക്കൊഞ്ചലുകളുമായി
തുടുത്തു വിടര്‍ന്ന
പൂമരങ്ങള്‍ പോലെ
കൌമാരവും യൌവ്വനവും
സ്നിഗ്ധം, കോമളം!

പിന്നീടെപ്പൊഴൊ…

ശിഖരങ്ങൾ മൂത്തുമുരടിച്ച,
കൊടുംകാറ്റിനുപോലും ഇളക്കാനാവാത്ത
വന്മരങ്ങള്‍ പോലെ,
പരസ്പരം അടുക്കാനാവാതെ,
ജീവിത പ്രാരാബ്ധങ്ങൾ
തീര്‍ത്ത തടവറക്കുള്ളിൽ
ഒറ്റപ്പെട്ട്, മനുഷ്യര്‍‍!

മധുരിക്കുന്ന ഭൂതകാലം
വെറുമൊരു നഷ്ടസ്വപ്നം!

Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image copyright 2009 eec.

2010 ഫെബ്രുവരി 13, ശനിയാഴ്‌ച

ഹെയ്ത്തി



ഹെയ്ത്തിയുടെ സന്തോഷങ്ങൾ
അവസാനിച്ചു!
അവളുടെ പ്രഭാതങ്ങൾ
സന്ധ്യകൾ
രാവുകൾ
സ്വപ്നങ്ങൾ
സമ്പാദ്യങ്ങൾ... എല്ലാം
എല്ലാം നൊടിയിടയിൽ
ഇല്ലാതായി!
കോരിയെടുത്ത
ഒരുകൈക്കുമ്പിൾ ജലം പോലെ
ഒരു പാടു പോലും അവശേഷിപ്പിക്കാതെ
നിമിഷങ്ങൾ കൊണ്ട്
ഹെയ്ത്തി തകർന്നടിഞ്ഞു!

ഒരിറ്റു ശ്വാസത്തിനു വേണ്ടി
പിടയുന്ന അവളുടെ മക്കൾ
ഇപ്പോഴും കല്ലുകൾക്കിടയിൽ
ഉണ്ടായിരിക്കില്ലേ?
മരിച്ചവർ
ജീവിച്ചിരിക്കുന്നവരെക്കാൾ
എത്ര ഭാഗ്യവാന്മാർ
കൈകാലുകൾ നഷ്ടപ്പെട്ടവർ
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ
തലചായ്ക്കാനിടമില്ലാതെ
മണ്ണിലും പൊടിയിലും പൊതിഞ്ഞ്
വിശന്നും തളർന്നും
വീണുകിടക്കുന്ന
പ്രിയപ്പെട്ടവരെ ചവിട്ടി
മെതിച്ചുകൊണ്ട്
ഒരു പിടി അന്നത്തിനും
ഒരിറ്റു ദാഹജലത്തിനും
വേണ്ടി മനുഷ്യൻ
ഭ്രാന്തുപിടിച്ചോടുന്ന രംഗം
എത്ര ഭയാനകം!

മനുഷ്യൻ എത്ര നിസ്സാരന്‍
എന്ന സത്യം പ്രകൃതി
തന്റെ മക്കളെവീണ്ടും വീണ്ടും
പഠിപ്പിക്കുകയാണോ?
എത്രയെത്ര ഭൂകമ്പങ്ങൾ
എത്ര സുനാമികൾ
കൊടുങ്കാറ്റുകൾ!
നിന്നനില്പിൽ
കാൽച്ചുവട്ടിലെ ഭൂമി ഊര്‍ന്നു പോകുന്നു
ലക്ഷക്കണക്കിനു മനുഷ്യർ
ഉറുമ്പിൻകൂട്ടങ്ങളെ പ്പോലെ
ചത്തൊടുങ്ങുന്നു!

വീണ്ടും സൂര്യൻ പ്രകാശിക്കും
പൂക്കൾവിടരും
ഇളം കാറ്റു വീശും
ഭൂമിയില്‍
മനുഷ്യർആനന്ദിക്കുകയും
പൊട്ടിച്ചിരിക്കുകയും
നൃത്തം ചെയ്യുകയും ചെയ്യും
പ്രകൃതി അതിന്റെ
എല്ലാ മനോഹാരിതകളും
പകര്‍ന്നു നല്‍കും
ഒന്നും സഭവിച്ചിട്ടില്ലാത്തതുപോലെ
ലോകം അതിന്റെ തിരക്കുകളിൽ
വീണ്ടും മുഴുകും!

ആര്‍ക്കു വേണമെങ്കിലും
എപ്പോൾ വേണമെങ്കിലും
സംഭവിക്കാവുന്ന ദുരന്തങ്ങൾ
എവിടെയൊക്കെയൊ
ആവർത്തിച്ചുകൊണ്ടിരിക്കുന്നു
സയന്‍സിന്റെ മുന്നേറ്റത്തിൽ
ഊറ്റം കൊള്ളുമ്പോഴും
നക്ഷത്രങ്ങളിൽ ചേക്കേറാൻ
വെമ്പുമ്പോഴും പ്രകൃതിയുടെ
വികൃതികള്‍ക്കു മുന്നിൽ
മനുഷ്യൻഎത്ര നിസ്സഹായന്‍!


Copyright © 2010 - rosebastin.blogspot.com. All rights reserved
Image courtsey:  http://msnbcmedia1.msn.com/j/MSNBC/Components/Photo/_new/100214-haiti2-hmed-830a.h2.jpg 

2009 ഡിസംബർ 25, വെള്ളിയാഴ്‌ച

ഹാപ്പി ക്രിസ്മസ്



നിലാവിന്റെ പാല്‍മഴപൊഴിഞ്ഞു
ആകാശച്ചെരുവിൽ
നക്ഷത്രങ്ങൾ പൂത്തുലഞ്ഞു
മഞ്ഞും മലരും കൈകോർത്തു
നിശാഗന്ധിയുംകാറ്റും
കിന്നാരം പറഞ്ഞു
വഴികാട്ടിയ ദിവ്യനക്ഷത്രം
ഒരു പുല്‍ക്കൂടിനു മുന്നിൽ
നിശ്ചലനായി നിന്നു!

പൊന്നും മീറയും
സുഗന്ധദ്രവ്യങ്ങളുമായി
കിഴക്കിന്റെ രാജാക്കന്മാർ
മുഖം കാണിക്കാൻ
കാത്തുനിന്നു

തണുത്തുറഞ്ഞ രാത്രി
ആയിരം കൈകളുമായി
ആലിംഗനം ചെയ്യവെ
വിറയാര്‍ന്ന കുഞ്ഞു ശരീരം
വൈക്കോൽ മെത്തയുടെയും
പിള്ളക്കച്ചകളുടെയും
കാരുണ്യത്തിനു വിട്ടുകൊടുത്ത്
ഒന്നും കാണാതെ
എല്ലാം കാണുന്നവൻ
ഉറങ്ങിക്കിടന്നു

സ്വപ്നാടനത്തിലെന്നപോലെ
മയക്കത്തിലാണ്ട
ഒരു ജനക്കൂട്ടം
“അവനെ ക്രൂശിക്കുക”
എന്ന് അലറി വിളിക്കുന്നതും
ഇരുമ്പാണികളുടെ കിലുക്കവും
ചാട്ടവാറുകളുടെ സീല്‍ക്കാരവും
അവൻ കേട്ടു
അവന്റെ പവിഴച്ചുണ്ടുകളിൽ
ഒരു നിഗൂഢ മന്ദസ്മിതം
വിരിഞ്ഞു!
ആദ്യത്തെ
ക്രിസ്മസ് രാത്രി ഉണര്‍ന്നു!

ഹാപ്പി ക്രിസ്മസ്!!!


 
Copyright © 2009 - rosebastin.blogspot.com. All rights reserved

2009 നവംബർ 28, ശനിയാഴ്‌ച

ജനുവരി ഒന്ന്, 0001




തന്റെ മുന്‍പിലെ
വിശാലമായ ക്യാൻവാസിൽ
പരന്നു കിടക്കുന്ന
പ്രപഞ്ചത്തിന്റെ
ചിത്രംനോക്കി
വിധാതാവു നെടുവീര്‍പിട്ടു

പ്രപഞ്ചഹൃദയമായ ഭൂമി
മനുഷ്യപാപത്തിന്റെ കൊടുംചൂടിൽ
വരണ്ടിരിക്കുന്നു
ദുഷിച്ചഹൃദയം
പ്രപഞ്ചശരീരത്തിന്റെ
താളം തെറ്റിക്കുന്നു!

അഴുക്കും കറയും
തുരുമ്പും കൃമി കീടങ്ങളും
നിറഞ്ഞ
നിറം മങ്ങി രൂപം മാറിയ
വൃത്തിഹീനമായ
താളം തെറ്റിയ
ലക്ഷ്യം മറന്ന
തന്റെ സൃഷ്ടിയെ
അവിടെ കണ്ട്
അവിടുന്നു അതൃപ്തനായി!

കാലത്തിന്റെ ചങ്ങലക്കണ്ണിയിൽ
എന്നോ കൊരുത്തിട്ട
അനിവാര്യമായ
സര്‍വ്വനാശത്തിന്റെ നിമിഷം
ആസന്നമായി എന്ന്
അവിടുന്നറിഞ്ഞു

അഹന്ത നിറഞ്ഞ മനുഷ്യവര്‍ഗ്ഗം
താറുമാറാക്കിയ പ്രപഞ്ച ചിത്രം
ഒരറ്റംമുതൽചുരുട്ടിയെടുത്ത്
വലിച്ചുകീറി
ദൂരെ എറിയവെ
ഭയാനകമായ
ഒരു നിലവിളി
അണ്ഡകടാഹങ്ങളിൽ തട്ടി
പ്രതിദ്ധ്വനിക്കുന്നത്
അവിടുന്നു കേട്ടു!

പുതിയൊരു ക്യാന്‍വാസ്!

സ്നേഹം വരണ്ടു പോകാത്ത
നിത്യഹരിതമായ
ജീവൻ തുടിക്കുന്ന
ഒരു ഹൃദയം!
ഒരു പുതിയ ഭൂമി!
പുതിയ ആകാശം!
പുതിയ സൌരയൂഥങ്ങൾ!
നക്ഷത്രക്കൂട്ടങ്ങൾ!
ഹാ! മനോഹരം!

പുതിയ ബ്രഷും ചായക്കൂട്ടുമായി
അവിടുന്നു രചനയിൽ മുഴുകി...



Copyright © 2009 - rosebastin.blogspot.com. All rights reserved

2009 നവംബർ 14, ശനിയാഴ്‌ച

വിലാപം


ഭൂമീമാതാവു വിലപിക്കുന്നു…!

എന്റെ ഹൃദയം ദു:ഖഭരിതമാണ്
എന്റെ സ്വപ്നങ്ങൾ
തകര്‍ന്നടിഞ്ഞിരിക്കുന്നു!
എന്റെ മക്കൾ
അധര്‍മ്മികളായിരിക്കുന്നു!
ജീവിതമൂല്യങ്ങൾ
കൈമോശം വന്നു
പണം ദൈവമായി
കാപട്യം മുഖമുദ്രയായി
കുടുംബ ബന്ധങ്ങൾ
അനാവശ്യ ബന്ധനങ്ങളായി
സ്നേഹം
തേൻ പുരട്ടിയ
കപടവാക്കുകളിലും
അര്‍ത്ഥശൂന്യമായ
ഉപചാരവാക്കുകളുടെ
കോലാഹലങ്ങളിലും
ഒതുങ്ങി!
ജീവിതം
സങ്കീര്‍ണ്ണവും
വിഷലിപ്തവുമായി!

മനുഷ്യന്റെ മനസ്സു മരിച്ചു; ആത്മാവും!
ശരീരവും അതിന്റെ
ഒരിക്കലും അവസാനിക്കാത്ത
ആര്‍ത്തികളും നിറഞ്ഞ
ഒരു വേട്ടക്കാരന്‍ മാത്രമായി
മനുഷ്യൻ!
സഹജീവികൾ അവന്റെ
ഇരകൾ മാത്രം!

ഏതു വലയിൽ
ഏതു കത്തിമുനയിൽ
ഏതു കെണിയിൽ
ഏതു ചതിക്കുഴിയിൽ
സ്വന്തം ജീവനും സ്വത്തും
അഭിമാനവും ഹോമിക്കപ്പെടും
എന്നഭീതിയിൽ
നിസഹായരും നിഷ്കളങ്കരും
വിറകൊള്ളുന്നു
അവരുടെ കുഞ്ഞുമക്കളെ
ഏതൊക്കെയൊ കഴുകൻ കണ്ണുകൾ
വട്ടമിടുന്നു
വേലിതന്നെ വിളവു തിന്നുമ്പോൾ
ആരെ കാവൽഏല്പ്പിക്കും?

അധര്‍മ്മത്തിന്റെ വിളയാട്ടം
സര്‍വ്വനാശത്തിലേയ്ക്കുള്ള
കുതിച്ചോട്ടമാണ്
എന്നറിയാവുന്നവരുടെ,
യുഗങ്ങള്‍ക്ക് അപ്പുറത്തേക്കും
ഇപ്പുറത്തേക്കും
കണ്ണോടിക്കാൻ കഴിവുള്ള
ജ്ഞാനികളുടെ മുന്നറിയിപ്പുകൾ
വിജ്ഞാനികളെന്നഭിമാനിക്കുന്നവർ
പുഛിച്ചു തള്ളുന്നു

ജീവിതത്തെ നേരെ നയിക്കുന്ന
ലിഖിതവുംഅലിഖിതവുമായ
നിയമങ്ങൾ മറക്കുമ്പോള്‍
ജീവിതം തലകീഴായ് മറിയും!
ആരും സാന്ത്വനിപ്പിക്കാനില്ലാതെ,
കണ്ഠത്തിൽ ഞെരിഞ്ഞമരുന്ന
നിലവിളിക്ക്
ആരും കാതോര്‍ക്കാനില്ലാതെ,
ഊര്‍ന്നു വീഴുന്ന അവരുടെ
ജീവനെ ഓര്‍ത്ത്
ആരും ഖേദിക്കാനില്ലാതെ,
നിസഹായരും ഒറ്റപ്പെട്ടവരുമായി
മരണമെന്ന മഹാഗുരുവിനു മുന്നിൽ
പകച്ചു നില്ക്കുമ്പോൾ,
അളന്നു കൊടുക്കുന്നതെല്ലാം
നൂറിരട്ടിയായി
തിരിച്ചളക്കപ്പെടുമെന്നസത്യം
അവർ മനസിലാക്കും
അപ്പോഴാകട്ടെ ആ അറിവ് നിഷ്ഫലവും!

അസമാധാനത്തിന്റെ കാറ്റു വിതച്ച്
കൊടുങ്കാറ്റു കൊയ്യാൻ
കാത്തിരിക്കുന്ന
എന്റെ മക്കളുടെ അജ്ഞതയോര്‍ത്ത്
ഹൃദയം പൊട്ടിയൊഴുകുന്ന
നൈരാശ്യത്തിന്റെ ലാവയിൽ
ഞാൻവെന്തുരുകുന്നു
ആളിപ്പടരുന്ന
ദു:ഖത്തിന്റെ കൊടുംതീയിൽ
എന്റെ സമാധാനത്തിന്റെ മഞ്ഞുരുകുന്നു
സര്‍വ്വവും തകര്‍ക്കുന്ന കൊടുങ്കാറ്റ്
എന്റെ അന്തരംഗത്തിൽ
രൂപം കൊള്ളുന്നു!

നൂറുമക്കൾ മരിച്ച
ഗാന്ധാരി
കൃഷ്ണനെ ശപിച്ചു;
ഞാൻ ആരെയാണു ശപിക്കുക?
സ്വയംകൃതാനർത്ഥത്തിൽ നശിക്കുകയും
നശിപ്പിക്കുകയുംചെയ്യുന്ന
ജനകോടികള്‍ക്കു ജന്മം നല്‍കിയതിനു ഞാൻ
എന്നെത്തന്നെ ശപിക്കട്ടെ!


Copyright © 2009 - rosebastin.blogspot.com. All rights reserved

2009 ജൂലൈ 11, ശനിയാഴ്‌ച

മരീചിക


ചുട്ടുപൊള്ളിക്കുന്നൊരായിരം സത്യങ്ങൾ
ഉൾചേർന്ന ജീവിതമാം മരുഭൂമിയിൽ
വിഭ്രമിപ്പിക്കുന്നു മർത്യനെ, മായാമ-
രീചികകൾ, സ്വർണമാനുകൾ, കൈമാടി
മാടിവിളിയ്ക്കുന്നൊരോമൽക്കിനാക്കൾതൻ
മാരിവിൽവര്‍ണങ്ങൾ ആഹാ, മനോജ്ഞം!

ഓടുന്നു സർവ്വവും കൈവിട്ടു മാനവൻ
ആഴിയിലേക്കു കുതിക്കുന്നൊരീയൽ പോൽ
വെമ്പിക്കുതിയ്ക്കുന്നു പിന്നാലെ, ലക്ഷ്യങ്ങൾ
കൈയെത്തിയെന്നു നിനയ്ക്കുന്നവേളയിൽ
ഓർക്കാതിരിക്കെ ചിറകറ്റുവീഴുന്നു
ഓരോകിനാവും കൊഴിഞ്ഞു വീഴുന്നു!

ഒന്നുകുതിക്കുവാൻ പോലുമാകാതെയീ
മണ്ണിലിഴയാൻ വിധിക്കുന്നു കാലം
മായുന്നരങ്ങത്തു നിന്നും തിരശ്ശീല
വീഴുന്നു കാഴ്ച്ച മറഞ്ഞു കഴിഞ്ഞു
കണ്ടതെല്ലം വെറും മായതൻ വിഭ്രമം
യാഥാർത്യമെത്ര ഭയാനകം ഭീകരം!

മോഹഭംഗത്തിന്റെ നീറ്റലിൽ നോവിൽ
ഏകാന്തതയുടെ നൊമ്പരത്തീയിൽ
പൊള്ളിപ്പിടയുന്നനേരവും കാണ്മൂ
ചുറ്റും ഇരമ്പിക്കുതിക്കുന്നലോകം
ഒന്നു തിരിഞ്ഞൊന്നു നോക്കുവാൻ ആരുമി-
ല്ലൊന്നുതലോടുവാൻ ആശ്വസിപ്പിക്കുവാൻ
വീണുപോകുമ്പോൾ ചവിട്ടിക്കുതിച്ചുകൊ-
ണ്ടോടുന്നു സ്വന്തമെന്നോർത്തവരൊക്കെയും

മിന്നുന്നതൊക്കെയും പൊന്നല്ല, പൊള്ളുന്ന
ദു:ഖങ്ങളാണെന്നയാഥാർത്ഥ്യമെപ്പൊഴും
മൂടിയിരിക്കുന്നു മായയാൽ, കണ്ണിൽ തെ-
ളിയുന്നു മാരിവിൽ വർണ്ണങ്ങൾ മാത്രം!

പോയകാലത്തിൻ ചുവരെഴുത്തൊക്കെയും
വർത്തമാനത്തിന്റെ നേർക്കാഴ്ച്ചയൊക്കെയും
സത്തുക്കൾതനുപദേശങ്ങളൊക്കെയും
കാത്തുനിൽ‌പ്പു മാർഗദർശനം നൽകുവാൻ

ഉൾക്കണ്ണുകൾ കൊണ്ടു കാണണമൊക്കെയും-
ദു:ഖം സുഖത്തിൻ നിഴലെന്ന സത്യം
രണ്ടും ഇഴചേർത്തു നെയ്യുകിൽ ജീവിതം
സുന്ദരമായിടുമെന്നുള്ളസത്യം
ഒന്നു പകരം കൊടുക്കാതെ മറ്റൊന്നു
നേടുവാനാവുകയില്ലെന്നസത്യം
അർഹതയില്ലാത്തൊ ‘രിത്തിരി’ സന്തോഷ-
‘മൊത്തിരി’ ദു:ഖം തരുമെന്നസത്യം
സ്വർണപാത്രങ്ങളാൽ മൂടിക്കിടക്കുമീ-
സത്യങ്ങൾ, എപ്പൊഴുമെന്നുള്ളസത്യം

ഈശ്വരങ്കൽമനമർപ്പിച്ചു നേരായ
പാതയിൽ മാത്രംചുവടുകൾ വയ്ക്കണം
സ്വന്തമിച്ഛാശക്തി കാരിരുമ്പാക്കണം
മാരീചനൊപ്പം കുതിയ്ക്കാതിരിയ്ക്കണം
വിഭ്രമിപ്പിക്കും മരീചികകൾ മായ
യാണെന്ന സത്യം മറക്കാതിരിക്കണം
ജീവിതദു:ഖം കുറയ്ക്കാൻ ഒരേയൊരു
മാർഗമീ മാർഗം ‘ആഗ്രഹ നിഗ്രഹം’


Copyright © 2009 - rosebastin.blogspot.com. All rights reserved

2009 ജൂൺ 20, ശനിയാഴ്‌ച

അമ്മക്കിളി




ചുണ്ടിൽ തിരുകിയ നാരുമായി
ഒരു ചെറു തേൻ കിളി പാറിവന്നു
ഒരുപാടു നാളായ് മെനഞ്ഞിരുന്ന-
പണിതീരാക്കൂടിനടുത്തുവന്നു

തെക്കും വടക്കും ചെരിഞ്ഞുനോക്കി
ചുറ്റും തിരിഞ്ഞും മറിഞ്ഞും നോക്കി
കൂടിന്നകത്തു കടന്നിരുന്നു
നാരുകളോരോന്നായ് കോർത്തുവച്ചു
തൂവലിൻ തുണ്ടുകൾ ചേർത്തുവച്ചു
നോവാക്കിടക്കയൊരുക്കിവച്ചു!

ഒരുദിനം ചെറുകിളി മുട്ടയിട്ടു
മുട്ടകൾചേർത്തുവച്ചടയിരുന്നു
ദാഹവുമില്ല വിശപ്പുമില്ല
ചൂടും തണുപ്പും അറിഞ്ഞതില്ല
രാവും പകലും അറിയുന്നില്ല
എല്ലാം മറന്നു തപസിരുന്നു!

നെഞ്ചിലെ വാത്സല്ല്യതേൻകുടത്തിൽ
തേനും വയമ്പുമൊരുക്കിവച്ചു
മുത്തങ്ങളായിരം ചേർത്തുവച്ചു
അമ്മക്കിളികാത്തു കാത്തിരുന്നു
ഒരുദിനം മോഹങ്ങൾ പൂവണിഞ്ഞു
ഉണ്ണിക്കുരുന്നുകൾ കൺ തുറന്നു
അമ്മക്കു നെഞ്ചിൽ കുളിരുറന്നു
ഉള്ളിൽ വാത്സല്ല്യതേൻ ചുരന്നു

ഉണ്ണിവായ്ക്കുണ്ണാൻ കതിരു തേടി
മേടുകൾതോറു മലഞ്ഞിടുമ്പോൾ,
ഉള്ളമെരിയുന്നു തീച്ചൂളയായ്;
“ഉണ്ണികൾക്കാപത്തു വന്നിടല്ലേ
ശത്രുക്കളാരും ചതിച്ചി ടല്ലെ
ദുഷ്ടജന്തുക്കൾപിടിച്ചിടല്ലെ
കാട്ടുതീയെങ്ങാനും വന്നിടല്ലെ”
നൊന്തുനൊന്തമ്മ ജപിച്ചിടുന്നു!

അന്തിക്കു കൂടണയുന്നനേരംഅമ്മ-
ക്കുള്ളം നിറഞ്ഞു തുളുമ്പിടുന്നു!
ക്ഷീണമില്ലൊട്ടും, തളർച്ചയില്ല
ദാഹവുമില്ലൊട്ടും വിശപ്പുമില്ല
ഉണ്ണിക്കളമൊഴി കേട്ടു ചിത്തം
തുള്ളി ത്തുളുമ്പി കുതിച്ചിടുന്നു
ഊട്ടിയുറക്കി, താരാട്ടു പാടി
കുഞ്ഞു കഥചൊല്ലി കൂട്ടു കൂടി
ആനന്ദവായ്പിൽ പുതഞ്ഞുമുങ്ങി
ഓരോദിനവും കടന്നു പോയി!

കൈവളർന്നൊ ഉണ്ണിക്കാൽവളർന്നൊ,
കുഞ്ഞിച്ചിറകു മുളച്ചുവന്നൊ,
കാത്തു കാത്തമ്മ തപസിരിക്കെ
ഉണ്ണികൾ തത്തിക്കളിയ്ക്കയായി;
കുഞ്ഞിചിറകുകൾ വീശിടുന്നു
മെല്ലെ ക്കുതിച്ചു പറന്നിടുന്നു
അമ്മക്കഭിമാനം നെഞ്ചിലൂറി
ഉള്ളം തുടിച്ചു പതഞ്ഞിരമ്പി!

ചക്രവാളത്തിൻ അപാരതകൾ
കൈമാടി മാടി വിളിച്ചനേരം,
നീലവിഹായസിൻ മാസ്മരിക-
പ്രാഭവം കണ്ടു മതിമയങ്ങി
കുഞ്ഞിക്കിളികൾ പുറത്തിറങ്ങി
ഉല്ലാസമുള്ളിൽ പതഞ്ഞു പൊങ്ങി
കുഞ്ഞിച്ചിറകുകൾ നീർത്തിവീശി
എല്ലാം മറന്നു പറന്നു പൊങ്ങി!
ഒന്നു തിരിഞ്ഞൊന്നു നോക്കിയില്ല,
അമ്മയോടൊന്നും പറഞ്ഞതില്ല,
യാത്രാമൊഴിചൊല്ലാൻ നേരമില്ല
ചെല്ലക്കിളികൾ പറന്നു പോയി!!!

പൊട്ടിപ്പിളർന്നമ്മ നോക്കി നിന്നു,
മാനസം കല്ലാക്കി നോക്കിനിന്നു!
തേങ്ങിയില്ലൊന്നു വിതുമ്പിയില്ല,
പിൻ വിളിയൊന്നു വിളിച്ചതില്ല!
പാടില്ലൊരു തുള്ളി കണ്ണു നീരും,
പാടില്ല നൊമ്പരപ്പൊട്ടു പോലും!
അമ്മതൻ നൊമ്പരം മുള്ളുകളായ്
ഉണ്ണിച്ചിറകു മുറിപ്പെടുത്തും!
മക്കൾതൻ പാതയിരുണ്ടു പോകും
ദു:ഖങ്ങളായിരം കൂട്ടിനെത്തും!

മംഗളം നേർന്നമ്മ നോക്കി നിന്നു,
“പോവുക പോവുകെന്നുണ്ണികളെ
നിർഭയരായി പറന്നു കൊൾക
ചക്രവാളങ്ങൾ വിശാലമല്ലൊ
നേരമില്ലൊട്ടും തിരിഞ്ഞു നിൽക്കാൻ,
ജീവിതം മത്സര വേദിയല്ലൊ
എങ്ങു പോയാലു മെന്നുണ്ണികൾക്കായ്
കാവലായ് നിൽക്കുമെൻപ്രാർത്ഥനകൾ,
വർഷമായ് പെയ്യു മനുഗ്രഹങ്ങൾ എൻ-
ശ്വാസം നിലയ്യ്ക്കും വരേക്കുമെന്നും”

എത്രകൃതഘ്നരായീടുകിലും,
എത്രവിദൂരത്തി ലാവുകിലും
അമ്മതൻ വത്സലചിത്തമെന്നും
ഉണ്ണികൾക്കൊപ്പം ചരിച്ചിടുന്നു!
മുന്നിലും പിന്നിലും കാവലായി,
ചുറ്റിലുംരക്ഷാകവചമായി,
മന്ത്രജപങ്ങളാൽ കോട്ട കെട്ടി,
കൂടെയുണ്ടെപ്പൊഴും മാതൃ ചിത്തം!!

അമ്മയ്ക്കു മാത്ര, മൊരമ്മയ്ക്കു മാത്രം വി-
ധാതാവു നൽകിയീ 'മധുരസ്നേഹം'
വിശ്വവിധാതാവിൻ സ്നേഹസരിത്തിൽ നി-
ന്നൊരുതുള്ളി മാത്രമീ 'തേൻമധുരം' !!


~ rose



(soldier mom breaks into tears when she meets her 2 year old after spending a year at a warzone)
Copyright © 2009 - rosebastin.blogspot.com. All rights reserved

2009 മാർച്ച് 7, ശനിയാഴ്‌ച

ഹൃദയാർച്ചന


അനന്തകോടി സൂര്യപ്രഭയാർ
ന്നരുളും പ്രഭുപാദത്തിൽ,
ഇതളുവിടർന്നൊരു താമരയായ്സ്വയ-
മര്‍പ്പിക്കുന്നെൻ ഹൃദയം
ദർശനസുകൃതം നുകരുന്നവികല-
ശാന്തിയിൽ മുഴുകുന്നു
മറന്നു സർവ്വം മറന്നു ഹൃദയം
തുടിച്ചു പാടുന്നു

വിസ്മൃതിയിൽ വീണലിഞ്ഞു ഞാനെൻ
അർച്ചന തുടരുമ്പോൾ
ജീവിതവ്യഥകൾ കാർമേഘങ്ങൾ
ഉയർന്നുപൊങ്ങുന്നു
ദു:ഖം കനത്തു കറുത്ത രാത്രി
ചിറകു വിരിക്കുന്നു
എനിക്കുമെന്റെ നാഥനുമിടയിൽ
നിഴൽ വിരിക്കുന്നു;
ഇതളുകൾ കൂമ്പുന്നു മിഴിനീർ
മഞ്ഞായുറയുന്നു,
ചരടു മുറിഞ്ഞ പതംഗം പോൽ മന-
മുലഞ്ഞു വീഴുന്നു

മുകിലുകൾപെയ്തു പെയ്തൊഴിയുമ്പോൾ
കറുത്തരാവൊഴിയുമ്പോൾ,
സ്വഛം നിർമലനീലാകാശം
വിണ്ടും വിടരുമ്പോൾ,
പൊന്നുഷസിൻ മണിമഞ്ചലിറങ്ങും
നിറങ്ങളഴകിൽ വിരിയും
പൊൻ കിരണങ്ങൾ തഴുകും കരളിലെ
കണ്ണീർ മഞ്ഞുരുകും
നനുത്ത സ്നേഹപ്പൂന്തേൻ നിറഞ്ഞു
തുടുത്തു വിടരും ഹൃദയം
ഇരട്ടി മധുരം നേദിക്കും ഞാ-
നർച്ചന വീണ്ടുംതുടരും!

പിടിച്ചു നിർത്തും ചരടു മുറിഞ്ഞാൽ
ഉലഞ്ഞു വീണ പതംഗം
ഉദിച്ചു നിൽക്കും സുര്യനകന്നാൽ
തളർന്നുകൂമ്പിയ കമലം
ചഞ്ചലമനുനിമിഷം മമഹൃദയം
ദുർബ്ബലമതിലോലം
ഒരുചെറുകാറ്റിൽ അണഞ്ഞുപോകും
പടുതിരിയെൻ സ്നേഹം

കാറും കോളും മിന്നൽ‌പ്പിണരും
നിറഞ്ഞ രജനിയിലും,
പ്രഭുവിൻ സ്മരണയിലുൾപ്പുളകത്തോ-
ടുറച്ചു നിൽക്കാനായെങ്കിൽ...


Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009 ഫെബ്രുവരി 21, ശനിയാഴ്‌ച

ആത്മജ്ഞാനം (രണ്ടാം ഭാഗം)



കൊടിയ തമസ്സിന്റെ നിബിഢവനഭൂവി-
ലിടറിവീണും പിടഞ്ഞും,
നിത്യനൈരാശ്യ ശൈത്യമുറയുന്ന
മർത്യലോകം വിമൂകം!
തിന്മതൻ വിളകൾ കൊയ്തുകൂട്ടിയും
കണ്ണുനീർക്കടലിൽ മുങ്ങിയും,
ദിശമറന്നും, പകനിറഞ്ഞും
തങ്ങളീൽ പടവെട്ടിയും,
ദുരിതനടുവിൽ സ്വയമെരിഞ്ഞു
ശാപമാർന്ന നരജീവിതം

യുഗയുഗങ്ങളിൽ അവതരിച്ചവർ,
തിരിതെളിച്ചവർ, മാഞ്ഞുപോയ്!
‘അരുതുകൾ’, പല ‘മൊഴികൾ’, പല പല
‘വഴികൾ’ ചൊല്ലിക്കടന്നുപോയ്!

നേർവഴിക്കുചരിക്കുവാൻ മൊഴി-
കേട്ടു വഴികൾ തിരുത്തുവാൻ
ആവുകില്ലിനിയൊന്നിനും സ്വയ-
മടിമയായവൻ മാനവൻ!
സ്വന്തമമിഛാശക്തി പണയം
വച്ചവൻ നിസ്സഹായനായ്
ജന്മമെത്ര ലഭിക്കിലും ഇനി-
യില്ല “സ്വയമൊരു മോചനം”!

ജന്മജന്മങ്ങൾ തന്നപാപങ്ങൾ
ചങ്ങലക്കണ്ണിയായ്-
കെട്ടിവരിയുന്നു ചുറ്റിമുറുകുന്നു
പെരുകിടുന്നനുനിമിഷവും


*** ** * ** ***


ഇരുളുമൂടിയ മഹിതലത്തിലേ-
ക്കൊഴുകിവന്നൊരു കിരണമായ്
കനിവിയന്നവൻ വിഭുവിൻ അംശമീ-
ധരണിയിൽ വന്നു ജാതനായ്!
മനുഷ്യപാപകടങ്ങൾ തീർക്കുവാൻ
മനുഷ്യജന്മമെടുത്തവൻ!
സകലപാപവും സകല ദു:ഖവും
സംവഹിച്ചു കരങ്ങളിൽ!
സഹനയാഗത്തിന്നഗ്നിയിൽ സ്വയ-
മെരിഞ്ഞു ബലിയായ്, യാഗമായ്!
സ്വന്തജീവൻ നൽകി മർത്യനെ
വീണ്ടെടുത്തു കരുണാമയൻ!
ഇതുവരെയുള്ള പാപമൊക്കെയും
ഭാരമൊക്കെയും തീർത്തവൻ!
ബന്ധനങ്ങളഴിഞ്ഞു മായ-
യ്ക്കടിമയല്ലിനി മാനവൻ

അനുതപിക്കുവോർ ഒക്കെയും പാപ-
വഴികൾ വെടിയുവോരൊക്കെയും
തമസ്സിൽ നിന്നു കരേറുവാൻ
സ്വയമാഗ്രഹിപ്പവരൊക്കെയും
‘ദേവയാഗഫല’മനുഭവിക്കുവാൻ
യോഗ്യരാണതു നിശ്ഛയം!
ജാതിയില്ല മതഭേദമില്ലിതിനു
വേണ്ടൊരനുമതിപത്രവും!

അരുതുപാപങ്ങളിനിയുമരുതെ
ന്നരുളി മാനവരക്ഷകൻ
പാപമാർഗം വെടിയുവാൻ ‘സ്നേഹ-
മന്ത്ര’മേകി മഹേശ്വരൻ!

“തന്നോടു ചെയ്യുവാൻ ഇഛിപ്പതൊക്കെയു മന്യർക്കു ചെയ്യുക മോദാൽ
തെറ്റുകൾ തന്നോടു ചെയ്യുമ്പോഴൊക്കെയും മാപ്പവർക്കേകുക മേലിൽ

ഈവഴിക്കു ചരിക്കുവോർ പാപ
വഴിയിലല്ല സുനിശ്ചിതം!
ഏതുപേരു വിളിക്കിലും വിളി-
കേൾക്കുമീശ്വരനൊന്നു താൻ;
ഏതു ജാതിയിലാകിലും സഹ-
ജാതർ, മാനവർ സോദരർ



*~*~*~*~*~*~*~*~*~*~*~*~*
(ആത്മജ്ഞാനം ഒന്നാം ഭാഗം ഇവിടെ)

~rose

Image Coutersey: Ingrid Sundberg (http://www.visionmagazine.com/)
Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009 ഫെബ്രുവരി 14, ശനിയാഴ്‌ച

വാര്‍ദ്ധക്യം




ഇലകൊഴിയുംകാലം, ഇതു മഞ്ഞുകാലം 
ഉറയുന്ന ശൈത്യം പൊതിഞ്ഞകാലം 
നിറയുമിരുട്ടുമേകാന്തതതയും,
ഇതു ജീവിതത്തിൻ വിഷാദകാലം!

സിരകളിൽ ലഹരി തൻ ഓളമില്ല;
നുരകുത്തിപ്പായുന്ന മോഹമില്ല,
പുതുപൂക്കളില്ല നിറങ്ങളില്ല;
ഒരു കിളിപ്പാട്ടിന്റെ ഈണമില്ല!

ഋതുചക്രം മെല്ലെ തിരിഞ്ഞനേരം,
നൊടിനേരം കൊണ്ടെല്ലാം മാഞ്ഞുപോയി!
ഒരുജന്മം തീർന്നുപോയ് നോക്കി നിൽക്കെ;
പൊടിമഞ്ഞു മൂടിപ്പോയ് ലോകമാകെ!

എത്രവസന്തംചിരിച്ചു നിന്നാലും,
എത്രവർണ്ണങ്ങൾ വിരിഞ്ഞു നിന്നാലും,
ഒടുവിലായെത്തുമീ മഞ്ഞുകാലം;
ഒഴിവാക്കാൻ ആർക്കുമാവാത്തകാലം!

ഉയരങ്ങൾ തേടിപ്പറക്കുന്നനേരം,
അരുതരുതൊട്ടുമഹന്തയുള്ളിൽ
ഉയരങ്ങൾ കൂടുമ്പോഴോർത്തുകൊൾക
പതനത്തിൻ ആഴവുമത്രതന്നെ!!!


~rose


Copyright © 2008-09 - rosebastin.blogspot.com. All rights reserved

2009 ജനുവരി 17, ശനിയാഴ്‌ച

~ കനവുകള്‍ ~



നാളെയെച്ചൊല്ലിനാം-
നെയ്യും കിനാവുകൾ
ഇന്നിന്റെ കയ്പിലെ-
തേൻ തുള്ളികൾ!

ഇന്നിന്റെ നോവുകൾ
വീശി ത്തണുപ്പിക്കു-
മോമൽ ചിറകുള്ള
മാലാഖമാർ!

നാളെയീ ദു:ഖങ്ങൾ
മാഞ്ഞു പോകുന്നതും;
ജീവിതം പൂത്തിരി
പോൽവിടരുന്നതും,

നഷ്ടഭാഗ്യങ്ങൾ
തിരിച്ചു വരുന്നതും;
ഇഷ്ടങ്ങളെല്ലാം
സഫലമാകുന്നതും,

തോൽവികളെല്ലാം
വിജയമാകുന്നതും;
പേരുംപ്രശസ്തിയും
കൂടെവരുന്നതും,

വർണചിത്രങ്ങളായ്
മുന്നിൽ നിരക്കവെ
വിസ്മയചിത്തരായ്
നിൽക്കുന്നു നാം!

നാളെ നാളെയെന്നു
നീളും കിനാക്കൾ കി-
നാക്കളായ് തന്നെ
കൊഴിഞ്ഞു വീണേക്കാം;

എങ്കിലുമീ സ്വപ്ന
വൃക്ഷത്തണലിലൊ-
രിത്തിരി നേര
മിരിക്കുന്നുനാം;

വർണപുഷ്പങ്ങൾ
വിടരുന്നതും നോക്കി
നോവുകൾ പാടെ
മറക്കുന്നു നാം!


~ rose

Copyright © 2008-09 - rosebastin.blogspot.com. All rights reserved

2008 ഡിസംബർ 21, ഞായറാഴ്‌ച

* ദിവ്യനക്ഷത്രം *






കാരുണ്യനാഥൻ, കമനീയരൂപൻ
കാലിത്തൊഴുത്തിൽ പിറന്നു;
കന്യകാമേരിതൻ പൊൻമടിത്തട്ടിൽ-
പൊന്നുണ്ണിയായ് ദൈവം പിറന്നു!

കോടിജന്മങ്ങളായ് മാനവൻ തേടിയ
സുന്ദര സ്വപ്നം വിരിഞ്ഞു;
മാനവചിത്തത്തിൻ കൂരിരുട്ടിൽ നിത്യ-
സൂര്യൻ പ്രകാശം ചൊരിഞ്ഞു!!!

പൂവിതൾ പോലെ, പൂന്തിങ്കൾ പോലെ
പൂന്തേൻ കുളിരല പോലെ;
വിണ്ണിൻ മടിയിൽ നിന്നൂർന്നുവീണു
മണ്ണിൻ പുണ്ണ്യമായുണ്ണിപിറന്നു!

വിശ്വൈകശില്പിയെ മാറോടടുക്കി
വിശ്വം വിറയാർന്നു നിന്നു!
താരാപഥങ്ങൾ തൻ നാഥനെ നോക്കി
താരകൾ കൺചിമ്മി നിന്നു!

മഞ്ഞിൻ കണികയാൽ കണ്ണുനീരർപ്പിച്ചു
വാനം വിടചൊല്ലി നിന്നു;
കുരിശിൻ നിഴൽ വീണ മേനിയിലരുമയായ്
കുളിർനിലാവുമ്മവച്ചു!

മാലാഖമാരുടെ വൃന്ദമണഞ്ഞു,
വാനിൻ നടുവിൽ നിരന്നു;
പൊന്മണിവീണയെ വെല്ലും മനോജ്ഞമാം
സംഗീതമെങ്ങും പൊഴിഞ്ഞു!

“കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു-
രാജാധിരാജനാം ദൈവം;
സന്മനസുള്ള മനുഷ്യർക്കുഭൂമിയിൽ
സന്തുഷ്ടിയേകുന്നദൈവം!”

മാനവജീവനു പ്രത്യാശയേകുവാൻ,
പാപവിമോചനമേകാൻ;
അഴലുകൾ നീക്കുവാൻ, ഇരുളല മായ്ക്കുവാൻ-
പുതിയൊരു രാജ്യമൊരുക്കാൻ;

കന്മഷഹീനനായ് കന്യകാപുത്രനായ്
സ്വർലോകനാഥൻ പിറന്നു!
സർവ്വം ചമച്ചവൻ സർവ്വേശനന്ദനൻ
സംശുദ്ധനീഭൂവിൽ വന്നു!!!

~rose



Copyright © 2008 - rosebastin.blogspot.com. All rights reserved

2008 ഡിസംബർ 6, ശനിയാഴ്‌ച

ആത്മജ്ഞാനം




കാലത്തിൻ രഥചക്രമുരുണ്ടു, മരണത്തിൻ-
കാലടിസ്വരം കേട്ടു, കറുത്ത നിഴൽ കണ്ടു;
ക്ഷണത്തിൽ കൈപിടിച്ചു മരണം, ജീവനാള-
മണഞ്ഞു, കനവുകൾ പൊലിഞ്ഞു. ജന്മം തീർന്നു!!

ആത്മനേത്രങ്ങൾ വീണ്ടും തുറന്നു, മിഴിമൂടും-
മായതൻ തിരശീലയഴിഞ്ഞു, ഗതകാല-
ജീവിതചിത്രം ചുരുൾ നിവർന്നു, ക്ഷണികമാ-
മൊരു നീർക്കുമിളപോൽ, നിഴൽപോൽ, കിനാവുപോൽ!!

അകലെ കോടിസൂര്യ പ്രഭയാർന്നൊരു ലോക-
മനവദ്യമാം ദൃശ്യ വിസ്മയം മനോഹരം!
അവിടെ പ്രേമോദാര സുന്ദരസ്വരൂപനായ്-
കരുണാമയൻ, മൃദു സുസ്മിതൻ, ചേതോഹരൻ!!

വഴിയും മന്ദഹാസ മധുവാലാത്മാവിനെ-
കുളിരാൽ നിറക്കുന്നു, തരളം മൃദുലലോലം;
“വരിക വരിക നീയോമലെ അരികിലെ-”
ന്നരുമയോടെ മാടിവിളിപ്പൂ പ്രഭാമയൻ!!

കുതികൊള്ളുന്നു, മനം തുടികൊട്ടുന്നു, പറ-
ന്നരികിലെത്താ നാത്മാവുഴറിപ്പിടയുന്നു;
ഉയരാൻ കഴിയുന്നില്ലാത്മാവിൽ കനംതൂങ്ങും-
ചുമടിൻ ഭാരം താങ്ങി ചിറകു കുഴയുന്നു!

നേടുവാനേറെക്കൊതിച്ചെത്തിയീ വിളഭൂവിൽ
കാടു കേറിപ്പോയ് വഴിമറന്നു, ലക്ഷ്യം തെറ്റി;
ദേഹിയെ മറന്നു പോയ്, ദേഹമെന്നോർത്തു സർവ്വം,
മായതൻ ചരടിലെ പാവയായ്, കോമാളിയായ് !!

പകയും വിദ്വേഷവും മദമാത്സര്യങ്ങളും,
ചതിയും, സഹജമാം സ്വർത്ഥ മോഹങ്ങൾക്കൊപ്പം
വിതച്ചു, നൂറുമേനി വിളഞ്ഞു, കൊയ്തതെല്ലാം
വിനയായ് തീർന്നു, പാപം കറയായ് കനം തൂങ്ങി!

വ്യർത്ഥകർമ്മങ്ങൾ പാപക്കറയായ് കനം കൂട്ടും-
ശപ്തഭാണ്ഡങ്ങൾ വലിച്ചെറിയാനാവില്ലല്ലൊ!
ഉയരാൻ കഴിയില്ലീ ചുമടും താങ്ങി വീണ്ടു-
മുഴലാൻ വിധിയായി നഷ്ടങ്ങൾമാത്രം ബാക്കി!

ദേഹദേഹികൾ തമ്മിൽ ചേരുമീ മണ്ണിൻ മഹാ-
കർമ്മ ഭൂമിയിൽ വീണ്ടും നരനായ് പിറന്നെങ്കിൽ!
ശുദ്ധമാം കർമ്മങ്ങൾ ചെയ്ത ക്ഷയ മാത്മാവിനെ
മുക്തനാക്കീടാൻ, ചുമടൊഴിക്കാൻ കഴിഞ്ഞെങ്കിൽ!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved
Image Coutersey: Nirvana Rock Band (Abum: Never Mind)

2008 നവംബർ 22, ശനിയാഴ്‌ച

വിരഹം


കണ്ണുനീരിന്റെ നേർത്ത മറയിലൂ-
ടൊന്നുകൂടി തിരിഞ്ഞു ഞാൻ നോക്കവെ
കണ്ടു ,ഞാനെന്റെ പ്രാണന്റെ പ്രാണനിൽ,
രോമഹർഷമായ് പൂത്തൊരാ തൂമുഖം!

നിർന്നിമേഷമാ സ്നിഗ്ദ്ധനേത്രങ്ങളിൽ
നിന്നലയ്ക്കുകയാണൊരു സാ‍ഗരം!
വാക്കുകൾക്കു പകർത്തുവാനാകാത്ത
നൊമ്പരങ്ങൾ തൻ വൻ തിരച്ചാർത്തുകൾ!

അമ്മ തൻ മൃദു വാത്സല്യധാരയ്ക്കായ്,
വെമ്പി വെമ്പിക്കുതിക്കുമാ മാനസം
അമ്മ തൻ കരലാളന സ്പർശത്തിൻ,
നിർവൃതിക്കായ് കൊതിക്കുമാ പൂവുടൽ;

നിൽക്കുകയാണു നിശ്ചലം നൊമ്പര-
ശില്പമായ് ശിലാവിഗ്രഹമെന്നപോൽ!
പുഞ്ചിരിക്കാൻ വൃഥാവിൽ യത്നിക്കെയാ-
ചെഞ്ചൊടികൾ വിതുമ്പുന്നു മൂകമായ്!

ഇല്ലവൾക്കു കരയുവാൻ പോലും-
തെല്ലു സ്വാതന്ത്ര്യ, മത്രമേൽ ഗാഢമായ്,
ബന്ധ്ധിതമാണാ പിഞ്ചുഹൃദയത്തിൻ
തന്ത്രികൾ, എന്റെ നോവും മനസുമായ്!

വാക്കു നൽകിപ്പോയ് ഞങ്ങൾ പരസ്പരം-
“ഇല്ല മേലിൽ കരയുകയില്ല നാം
നീരണിഞ്ഞ മിഴികളുമായിനി-
യാത്ര ചൊല്ലുവാൻ പാടില്ലൊരിക്കലും”

പൊന്നുമോളുടെ കണ്ണുനീർത്തുള്ളികൾ
അഗ്നിവർഷമായ് അമ്മയെ പൊള്ളിക്കും;
അമ്മയൊന്നു വിതുമ്പിയാൽ കണ്മണി-
ക്കില്ലശക്തിയാ, നൊമ്പരം താങ്ങുവാൻ!

ക്ഷണികമെങ്കിലുമീ ‍വിരഹം മുൾ-
മുനകളാഴ്ത്തിടുമീ ശരശയ്യയിൽ,
പിടയുമീ നിമിഷങ്ങളിൽ പോലുമെൻ
ഹൃദയതന്ത്രികൾ മൂളുന്നു മന്ദ്രമായ്’;

‘സ്നിഗ്ദ്ധമാധുര്യത്തേൻ തുളുമ്പീടുമീ
ബന്ധമെത്ര വിചിത്രമാണോർക്കുകിൽ;
സ്നേഹമെന്ന വികാരത്തിലൂറിടും
വേദന പോലുമെത്രമേൽ സുന്ദരം!!!’


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008 നവംബർ 8, ശനിയാഴ്‌ച

.:: ശൈശവ ചിന്തകൾ ::.


പൊൻ വെയിൽ പൂക്കളം തീർക്കുന്നമുറ്റത്തു-
തുമ്പികളായിരം പാറിപ്പറക്കവേ,
ഓർമ്മ തന്നേടുകൾ പിന്നോട്ടു പോകുന്നൊ-
രോമനച്ചിത്രം ചുരുൾനിവരുന്നു!

തുമ്പിക്കു പിന്നാലെ വെമ്പിക്കുതിക്കുന്നൊ-
രുണ്ണിക്കിടാവിന്റെ കൊഞ്ചൽക്കിലുക്കവും,
ഓടിക്കിതച്ചു വിയർത്തൊരിളം കവിൾ-
പൂവിൽ തുടുക്കുന്ന കുങ്കുമ സന്ധ്യയും,

കെട്ടിപ്പിടിക്കുന്നൊ രോമന ക്കൈകൾതൻ-
പൂമൃദുസ്പർശവുമോർക്കുകയാണു ഞാൻ!
വർഷങ്ങളെത്ര കടന്നു പോയെങ്കിലും-
ഹർഷം വിടരുന്നിതിപ്പൊഴു മോർമയിൽ!

ഓടിവന്നെന്റെ കഴുത്തിൽ കരം ചുറ്റി
ഓതുകയാണൊരു കുഞ്ഞു സ്വകാര്യം!
‘അമ്മയില്ലാത്തൊരു തുമ്പിക്കുരുന്നിനെ-
ഉണ്ണിക്കു സ്വന്തമായ് വേണമത്രേ’!

അമ്മയില്ലാത്തൊരു തുമ്പിയോ? എന്തിനെ-
ന്നമ്മതൻ വിസ്മയം തീർക്കുവാനായ്,
വാചാലനാകുന്നൊരോമലിൻ വാക്കുകൾ-
കേൾക്കവേ ചിത്തം കുളിർത്തു പോയി!

“അമ്മയുണ്ടെങ്കിൽ തൻ തുമ്പിക്കുരുന്നിനെ–
കാണാതെ വന്നാൽ കരയുകില്ലേ?
അമ്മകരയുന്നതോർക്കുമ്പൊഴക്കൊച്ചു-
തുമ്പിക്കും സങ്കടമാവുകില്ലേ?
അമ്മക്കും കുഞ്ഞിനും സങ്കടം നൽകിക്കൊ-
ണ്ടുണ്ണിക്കു തുമ്പിയെ വേണ്ടപോലും!

തൻ കൊച്ചുമോഹങ്ങൾ തൻ സഹജീവിക്കു-
ദു:ഖത്തിൻ കാരണമാകുമെങ്കിൽ
ആ മോഹമൊക്കെയും വേണ്ടെന്നു വെക്കയാ-
ണാരോമൽ പൈതലിന്നിഷ്ടമത്രെ!

എത്ര വിശാലമിതെത്രക്കുമുന്നത-
മെത്രക്കു ദൈവിക മെത്ര ധന്യം!
ദൈവം വസിക്കുന്നൊരുണ്ണിമനസിന്റെ-
വിശ്വസാഹോദര്യസ്നേഹമന്ത്രം!!!

സ്വാ‍ർഥമോഹങ്ങളെ സാക്ഷാത്കരിക്കുവാൻ-
സ്വന്തം സഹജരെ കൊന്നൊടുക്കും,
ദുഷ്ടലോകത്തിനീ ‘ശൈശവ ചിന്തകൾ’-
സ്വായത്തമാക്കാൻ കഴിഞ്ഞുവെങ്കിൽ!!!


~rose

Copyright © 2008 - rosebastin.blogspot.com. All rights reserved

2008 ഒക്‌ടോബർ 11, ശനിയാഴ്‌ച

ഫെമിനിസത്തെക്കുറിച്ച്


(കുറച്ചുനാള്‍ മുമ്പു പോസ്റ്റ് ചെയ്ത ‘ഫെമിനിസം’ എന്ന കവിതയുടെ ആശയം വ്യക്തമാക്കുവാന്‍ വേണ്ടിയുള്ള ഒരു ലേഖനമാണിത്)

സ്ത്രീകളുടെ ദു:ഖങ്ങളെ മറന്നു കൊണ്ടുള്ള ഒരു anti-feminist നീക്കമായി ഒറ്റനോട്ടത്തിൽ തോന്നാവുന്ന ഒന്നാണ് ഈ കവിത. പുരുഷന്റെ ക്രുരതകൾക്കു നേരെ കണ്ണടക്കുകയും, കഷ്ടതയനുഭവിക്കുന്ന സ്ത്രീയുടെമേൽ അവനേ നേർവഴിക്കു നയിക്കാനുള്ള ചുമതല കൂടി വച്ചു കൊടുക്കുകയും ചെയ്യുന്നതു കാണുമ്പോൾ സാധാരണ ഗതിയിൽ ആരും അങ്ങനെ തന്നെ ചിന്തിച്ചു പോകും. ഇതൊരു വ്യത്യസ്ത ‘ഫെമിനിസ’മാണ്. ബന്ധങ്ങൾ ‘ഡിസ്പോസബിൾ’ ആയ ആധുനിക യുഗത്തിൽ ഇതിന്റെ മൂല്ല്യത്തേക്കുറിച്ച് ആശങ്കയുണ്ട് എങ്കിലും ചിലതൊക്കെ വെറുതെ സ്വപ്നം കാണുകയാണ്.

പുരുഷന്റെ നിഷ്ടൂരതക്കു മുന്നിൽ നിസഹായയാകുന്ന സ്ത്രീക്കു വേണ്ടി, അവളുടെ പ്രശ്നങ്ങൾക്കു 'ശാശ്വതമായ' ഒരു പരിഹാരം തേടിയുള്ള ഒരു പ്രയാണമാണ് ഇത് . “ആർദ്രം”, “സുന്ദരം” എന്നൊക്കെ വെറുതെ പറഞ്ഞു സ്ത്രീയെ നിശബ്ദയാക്കാനല്ല, സ്വന്തം മൂല്ല്യം സ്വയം മനസിലാക്കാൻ പ്രേരിപ്പിക്കുകയാണ്. സ്വന്തം കഴിവും ശക്തിയും ഉത്തരവാദിത്വവും എന്തെന്ന് ഓർമ്മിപ്പിക്കുകയാണ്.

നൂറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന, അവഹേളിക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തെക്കുറിച്ചും പുരുഷന്റെ ക്രൂരതയെക്കുറിച്ചും എഴുതിയും വർണിച്ചും എത്ര തൂലികകൾ തേഞ്ഞു തീർന്നു? എത്ര മഷി ഒഴുകിത്തീർന്നു? “അളമുട്ടിയാൽ ചേരയും കടിക്കും” എന്ന ചൊല്ലുപോലെ ഗതികെട്ടപ്പോൾ സ്തീവർഗംഎത്രപ്രതിഷേധിച്ചു? എത്ര സംഘടിച്ചു? അവകാശങ്ങൾക്കു വേണ്ടി എത്രസമരം ചെയ്തു?

പുരുഷന്റെ ദുഷ്ടതയും സ്ത്രീയുടെ നിസഹായതയും വർദ്ധിച്ചതല്ലാതെ ആരും ഒന്നും നേടിയില്ല ഇതുവരെ. സ്ത്രീയുടെ സ്ത്രൈണതയും പുരുഷന്റെ സംരക്ഷണമനോഭാവവും ഉള്ളതു കൂടി നഷ്ടപ്പെട്ടതു മാത്രം ഫലം. പരസ്പരാകർഷണത്തിനു പകരം പകയും വിദ്വേഷവും മാത്രമായി. തരം കിട്ടിയാൽ കഷണങ്ങളാക്കിപായ്കറ്റിലാക്കിയൊ, കത്തിച്ചു ഭസ്മമാക്കിയോ വലിച്ചെറിയാൻ തക്കം പാർത്തു നിൽക്കുന്നവരായി രണ്ടു കൂട്ടരും! എത്ര വലിയ വിപത്തിലാണു ലോകം വന്നെത്തി നിൽക്കുന്നത്? ഏറ്റവും മനോഹരവും ശക്തവും ശുദ്ധവും ആയിരിക്കേണ്ട ഒരു ബന്ധംഎങ്ങനെ വികലമായി തീർന്നിരിക്കുന്നു! ഇതൊരു വിഷമപ്രശ്നമാണ്. ഇതിനൊരു പരിഹാരമുണ്ടൊ? ഇതിൽ നിന്നൊരു മോചനമുണ്ടോ? അറിയില്ല. എങ്കിലും വെറുതെ ഒരു സ്വപ്നം കാണുകയാണ് പ്രത്യാശിക്കുകയാണ്.

പ്രശ്നത്തിന്റെ കടക്കൽ കോടാലി വെക്കാൻ, കതിരിന്മേൽ വളവും മരുന്നും പ്രയോഗിച്ചു നേരെയാക്കാൻ ശ്രമിക്കാതെ ചെടിയുടെ ചുവട്ടിൽ തന്നെ പ്രയോഗം നടത്താൻ, വരാനിരിക്കുന്ന തലമുറകളെങ്കിലും ഈ മൂല്ല്യച്യുതിയിൽ നിന്നു രക്ഷപെടാൻ, ഈ ദു:ഖത്തിൽ നിന്നുകരകയറാൻ ആഗ്രഹിക്കുകയാണ് . ഒരുപക്ഷേ ഒരിക്കലും സഫലമാകാത്ത ഒരു സ്വപ്നം.ആയിരിക്കാം!

സ്ത്രീ സ്വതന്ത്രയാകുന്ന ഒരു ലോകം, അവളുടെ കണ്ണീർ തുടക്കുന്ന, അവളെ സ്നേഹിക്കുന്ന, ആദരിക്കുന്ന പുരുഷനോടൊപ്പം അവൾസന്തുഷ്ടയായി വസിക്കുന്ന ഒരു ലോകം, പ്രകൃതിയുടെയും ദൈവത്തിന്റെയും ഉദ്ദേശവും നിർദ്ദേശവും അനുവർത്തിക്കുന്ന സ്ത്രീപുരുഷസമത്വം നിലനിൽക്കുന്ന ഒരു ലോകം - ആ സ്വപ്ന സാഫല്യത്തിനുവേണ്ടിയുള്ള തീവ്രമായ അഭിലാഷത്തിൽ നിന്നു പിറവിയെടുത്തതാണ് ഈ വ്യത്യസ്ത ‘ഫെമിനിസം’.

പുരുഷൻ ‘ശിരസും’ സ്ത്രീ ‘ഹൃദയവും’ ആയി തുല്യരായി വർത്തിക്കുന്ന ഒരു ലോകം!
രണ്ടുപേരും തുല്ല്യരാണ്, പക്ഷേ ധർമ്മങ്ങൾ വ്യത്യസ്തമാണ്; രണ്ടു ശിരസുകൾ ഒരു മനുഷ്യനാവശ്യമില്ലാത്തതുപോലെ, രണ്ടു ഹൃദയങ്ങൾ ആവശ്യ മില്ലാത്തതു പോലെ, തന്നെ ഒരു പോലെയുള്ള രണ്ടു പേരല്ല, പരസ്പരപൂരകങ്ങളായ വ്യതസ്തരായ രണ്ടു വ്യക്തികളായിരിക്കണം പുരുഷനും സ്ത്രീയും. ധർമ്മങ്ങൾ വ്യത്യസ്തമാകുന്നതിന്റെ പേരിൽ തുല്യതക്കും മാന്യതക്കും യാതൊരു വ്യത്യാസവും വരുന്നില്ല. കഴിവുകൾ കൂട്ടിവച്ചാൽ ചിലപ്പോൾ ഒരടിപിന്നിലായേക്കാം പുരുഷൻ.

പുരുഷനോടൊപ്പം എല്ലായിടത്തും സ്ത്രീ കഴിവു തെളിയിച്ചു കഴിഞ്ഞു. എന്നാ‍ൽ അതിനെല്ലാം ഉപരിയായി ‘മാതൃത്വം’ എന്ന മഹാസിദ്ധി കൂടി അവൾക്കുണ്ട്. സഹിക്കാനും ക്ഷമിക്കാനും സ്നേഹിക്കാനും കൂടുതൽ കഴിവും അവൾക്കുണ്ട്.

തുല്ല്യതക്കു വേണ്ടി പൊരുതേണ്ടവളല്ല സ്ത്രീ. അവൾ അതുല്ല്യയാണെന്നതാണ് സത്യം. പുരുഷനാവുകയല്ല, സ്ത്രൈണഭാവങ്ങൾ നില നിർത്തിക്കൊണ്ടു തന്നെ പുരുഷനോടൊപ്പം മാനിക്കപ്പെടണം എന്നതാണ് അവളുടെ ആവശ്യം. അതിനൊറ്റ മാർഗമേയുള്ളു - പുരുഷൻ അവന്റെ കടമകളെക്കുറിച്ചു ബോധവാനാകണം. പക്ഷേ ആ ബോധം അവനിൽ വെറുതേ ഉണ്ടാവുകയില്ല ആ ബോധം അവനിൽ വളർത്തിയെടുക്കാൻ ഒരേ ഒരു സ്ത്രീക്കു മാത്രമെ കഴിയൂ - ആ സ്ത്രീ അവന്റെ അമ്മയാണ്.

ദുഷ്ടത നിറഞ്ഞ പുരുഷനായിട്ടല്ല ഒരുപുരുഷനും ജനിച്ചുവീഴുന്നത്. അമ്മയുടെ കൈപിടിച്ച് അമ്മ പകർന്നുകൊടുക്കുന്ന സംസ്കാരമാണവനെ വളർത്തി വലുതാക്കുന്നത്. ‘തൊട്ടിലാട്ടുന്ന കരങ്ങൾക്ക് വിഷ്ടപത്തെ ഭരിക്കാനുള്ള കഴിവുണ്ടെന്നു’ കവി പാടിയിരിക്കുന്നത് വെറുതെയല്ല.

പിറന്നു വീഴുന്നതിനു മുൻപു തന്നെ അമ്മയുടെ ചിന്തകളും വികാരങ്ങളും കുഞ്ഞിനെ സ്വാധീനിക്കുന്നു എന്നു ആധുനികശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ഒരമ്മക്ക് തന്റെ മക്കളെ ബോധവൽകരിക്കാൻ കഴിയുകയില്ലേ? മനുഷ്യർ പരസ്പരം ഉപഭോഗവസ്തുക്കളല്ല എന്നബോധം, അമ്മയായാലും ഭാര്യയായാലും സഹോദരിയായാലും ഏതവസ്തയിലും സ്ത്രീ മാനിക്കപ്പെടേണ്ടവളാണെന്ന ബോധം മക്കളിൽ വളർത്തിയെടുക്കാൻ കഴിയുകയില്ലേ?

ബോധവൽകരണം പുരുഷനു മാത്രമല്ല സ്ത്രീക്കും ആവശ്യമാണ്. കാരണം ലോകാരംഭം മുതൽ പുരുഷന്റെ അഹംഭാവത്തെയും സ്വാർഥതയേയും പോഷിപ്പിച്ചതു സ്ത്രീ തന്നെയാണു. സ്വന്തം കുടുംബത്തിൽ ആൺകുട്ടിക്കു പെൺകുട്ടിയേക്കാൾ കൂടുതൽ സുഖങ്ങൾ ഒരുക്കി കൊടുക്കുന്ന അമ്മ തന്നെയല്ലേ സ്ത്രീക്ക് അത്രയൊക്കെ മതി എന്നബോധ്യം ആൺകുട്ടിയിൽ വളർത്തീയെടുക്കുന്നത്? തിരഞ്ഞു ചെല്ലുമ്പോൾ പുരുഷന്റെ സ്വാർഥതക്കു വളം വച്ചുകൊടുക്കുന്നതു സ്ത്രീയാണെന്ന് കാണാം.

സ്ത്രീ സ്വന്തംകടമകൾ വിസ്മരിക്കുമ്പോൾ പുരുഷൻ ദുഷ്ടനാകുന്നു. സ്ത്രീയുടെ ഏറ്റവും വലിയ കടമയാണു മക്കളെ നല്ലമനുഷ്യരാക്കി വളർത്തുക എന്നത്. ആ കടമ മറന്നു കൊണ്ട് സ്ത്രീ മറ്റു ചുമതലകൾ ഏറ്റെടുക്കാൻ തുടങ്ങുമ്പോൾ, പുരുഷനോടൊപ്പം എല്ലാമേഖലകളിലും പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, പ്രധാനകടമ നിർവഹിക്കാൻ സമയം കിട്ടാതാകുന്നു. ‘മാതാ അമൃതാനന്ദമയി’ പറയുന്നതു പോലെ സ്ത്രീയും പുരുഷനും രണ്ടു ചിറകുകളാണ്. ഒന്നിനു ക്ഷതം പറ്റിയാൽ എങ്ങനെ മുന്നോട്ടു നീങ്ങും?

സ്ത്രീ, പുരുഷനൊപ്പംഎല്ലാം ചെയ്യാൻ കഴിവുള്ളവളാണ് എന്നാൽ മക്കളെ നന്നായിവളർത്തുക എന്ന അവളുടെ പ്രധാനജോലിയിൽ അവൾക്കു പകരം നിൽക്കാൻ ആർക്കും കഴിയുകയില്ല. ഒരമ്മ, മക്കളോടും സമൂഹത്തോടും തന്നോടുതന്നെയും നിറവേറ്റേണ്ട പ്രധാനകർതവ്യം അതാണ് - നല്ല പുരുഷനെയും നല്ലസ്ത്രീയെയും വാർത്തെടുക്കുക. നന്നായി വളർത്തപ്പെടാത്ത പുത്രൻ അവന്റെ ഭാര്യക്കും, സഹോദരിക്കും അന്യസ്ത്രീ‍കൾക്കും മാത്രമല്ല സ്വന്തം അമ്മക്കും കണ്ണീരു മാത്രം നൽകുന്നവനായിരിക്കും.

സ്ത്രീ മറ്റെല്ലാം ഉപേക്ഷിച്ച് മക്കളെ വളർത്താൻ വേണ്ടിമാത്രം ജീവിക്കണം എന്നല്ല. സ്വന്തം കുഞ്ഞുങ്ങൾക്കു സമ്പത്തും വിദ്യാഭ്യാസവും നൽകുന്നതിനോടൊപ്പം പ്രധാനമായി നൽകേണ്ടത് നല്ല മനുഷ്യനാകാനുള്ള പരിശീലനമാണ്. ഇളം മനസുകളിൽ നന്മകളുടെ വിത്തുകൾ നട്ടു വളർത്താൻ കഴിഞ്ഞാൽ ആവിത്തുകൾ വളർന്നു ഫലവത്താകുമ്പോൾ സംജാതമാകുന്നത് നല്ല പുരുഷന്മാരെക്കൊണ്ടും നല്ലസ്ത്രീകളെക്കൊണ്ടും നിറഞ്ഞ ഒരു സന്തുഷ്ട ലോകമായിരിക്കും.

മത്സരം കൊണ്ടും മുറവിളി കൊണ്ടും ആർക്കും ഒന്നും നേടാൻ കഴിയില്ല എന്ന് കാലം തെളിയിച്ചു കഴിഞ്ഞു. സ്ത്രീ പുരുഷ യുദ്ധത്തിനിടയിൽ പരുക്കു പറ്റുന്നത് മക്കളുടെ പിഞ്ചു മനസുകൾക്കാണ്. മുറിവേറ്റ ഈഹൃദയങ്ങൾ പിൽക്കാലത്ത് മൂല്ല്യബ്ബോധം നഷ്ടപ്പട്ട, മൃദുത്വം നഷ്ടപ്പെട്ട, സ്നേഹിക്കനറിയ്യാത്ത, മനുഷ്യത്വമില്ലാത്ത യന്ത്ര മനസുകളായി ‘സൈക്കോപ്പാത്തുകളായി’ രൂപപ്പെടുന്നു. സൈക്കോപ്പാത്തുകളുടെ എണ്ണം കൂടി വരുന്നുവെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. എല്ലാ വിധത്തിലും മൂല്ല്യബോധം നഷ്ടപ്പെട്ട ആധുനികലോകം വിനാശത്തിന്റെ വക്കിലാണ്. മനുഷ്യർ പരസ്പരം ഇരയും വേട്ടക്കാരനും എന്ന നിലയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ രക്ഷിക്കാൻ കഴിയുന്ന മഹാശക്തിസ്വരൂപിണിയായ സ്ത്രീ ഉണർന്നേ മതിയാകു! ഒരു സന്തുഷ്ടലോകം കെട്ടിപ്പടുക്കാൻ വേണ്ടീ നല്ലമനുഷ്യരെ വാർത്തെടുക്കുക എന്നതായിരിക്കട്ടെ അവളുടെ ലക്ഷ്യം!


‘ഫെമിനിസം’ വായിക്കാനും അഭിപ്രായങ്ങൾ എഴുതാനും സന്മനസുണ്ടായ
സഹൃദയർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കൂടുതൽ അഭിപ്രായങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.

~rose